1933 സുപ്രധാന ഫയലുകൾ തീർപ്പാക്കി: അഭിനന്ദിച്ച് മന്ത്രി

post



സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തിർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകൾ പ്രവൃത്തി ദിനം പോലെ പ്രവർത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ഹാജരായി. രണ്ട് വകുപ്പുകളിലുമായി 1933 സുപ്രധാന ഫയലുകളാണ് തീർപ്പാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ 1371 ഫയലുകളും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 562 ഫയലുകളുമാണ് തീർപ്പാക്കിയത്. യജ്ഞത്തിൽ പങ്കെടുത്ത എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.


സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റ്, വകുപ്പിലെ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ, വിജിലൻസ് കേസുകൾ, അച്ചടക്ക നടപടികൾ തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ തീർപ്പാക്കിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. പിപി പ്രീതയുടെ നേത്യത്വത്തിൽ അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, വിവിധ വിഭാഗങ്ങളിലെ സൂപ്രണ്ടുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരുടെ പ്രൊമോഷൻ, സ്ഥലംമാറ്റം, സർവീസ് കാര്യങ്ങൾ, വിദ്യാർത്ഥികളുടെ പോസ്റ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തീർപ്പാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ജോ. ഡയറക്ടർമാർ, പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.