കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു

post



കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വർധിപ്പിച്ചു. 14 രൂപയുടെ വർധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മേയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂൺ മാസത്തിൽ 4 രൂപ വർധിച്ച് 88 രൂപയായി. ജൂലൈ ഒന്നു മുതൽ ലിറ്ററൊന്നിന് 14 രൂപ വർധിച്ച് 102 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷൻ, സി.ജി.എസ്.റ്റി, എസ്.ജി.എസ്.റ്റി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.


ജൂൺ മാസം കേന്ദ്ര സർക്കാർ വില വർധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ വില വർധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.