ഭൂമിക്കായൊരു തണല്‍; ജൈവവൈവിധ്യ ബോര്‍ഡ് 20,000 വൃക്ഷതൈകള്‍ നടും

post

പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്നത് കാസര്‍കോട്


കാസര്‍കോടിനെ ഹരിതാഭമാക്കാന്‍ ഭൂമിക്കായൊരു തണല്‍ പദ്ധതിയില്‍ 20,000 മരതൈകള്‍ നട്ടുപിടിപ്പിക്കുന്നു. ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് നടത്തുന്ന വനവത്ക്കരണ പരിപാടിയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്‍പ്പെടുന്ന സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും തദ്ദേശീയമായ വിവിധ തരം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതി കാസര്‍കോട് ജില്ലയിലാണ് ആദ്യമായി നടപ്പിലാക്കുന്നത്.


സ്‌കൂളുകളിലെ ജൈവവൈവിധ്യ ക്ലബ്ബ് വളണ്ടിയര്‍മാര്‍ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നട്ട് പരിപാലിക്കും. തദ്ദേ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ മാനേജിങ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പരിപാലനത്തിനും നേതൃത്വം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണവും സേവനവും പദ്ധതിയില്‍ ലഭ്യമാക്കും . ദേശീയഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നടും.

വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സേവനവും പദ്ധതി നടത്തിപ്പിനായി ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും ലഭിക്കുന്ന മുള, പൂവരക്ക്, മഞ്ചാടി, ഉങ്ങ്, നീര്‍മരുത്, മണിമരുത്, ദന്തപാല, നാരകം, പ്ലാവ്, തേക്ക് എന്നിവയുടെ മരതൈകളാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുകയെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റര്‍ വി.എം അഖില പറഞ്ഞു.