കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു

post

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

2022 - 2023 സംരംഭക വർഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സംരംഭകർക്കായി കൈത്താങ്ങ് സഹായം ഉറപ്പാക്കുന്നതിനായാണ് ഹെല്പ് ഡെസ്ക് സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാകുക. സംരംഭകർക്കായി വ്യവസായ വകുപ്പും മറ്റു വിവിധ വകുപ്പുകളും നടപ്പാക്കുന്ന പദ്ധതികൾ, ബാങ്ക് വായ്പ, സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും അനുമതികളും നേടുവാനുള്ള മാർഗ നർദ്ദേശങ്ങളും സഹായങ്ങളും ഹെൽപ് ഡെസ്കിലൂടെ ലഭ്യമാവും.

സംസ്ഥാന സർക്കാരിൻ്റെ 'ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ' പദ്ധതിയുടെ ഭാഗമായി 1153 ഇന്റേൺസിനെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിയമിച്ചിട്ടുണ്ട്. ഇന്റേൺസിന്റെ നേതൃത്വത്തിൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പരമാവധി സംരംഭങ്ങൾ തുടങ്ങാനും താല്പര്യമുള്ള എല്ലാവരെയും സംരംഭകത്വത്തിലേക്കു നയിക്കാനും വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കും. കോടോം ബേളൂർ പഞ്ചായത്തിലെ സംരംഭകർക്കായുള്ള ഹെൽപ് ഡെസ്ക് നമ്പർ : 8289952891. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.