ആരോഗ്യ ജാഗ്രത ഉറപ്പുവരുത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

post

കാസര്‍കോട് : ആരോഗ്യ ജാഗ്രത ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന തടയാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. നിപ്പ, കൊറോണാ പോലുള്ള  പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ച കേരളംരാജ്യത്തിന്  മാതൃകയാണെന്ന് മന്ത്രിപറഞ്ഞു.  അര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉറവിട മാലിന്യ സംസ്‌കരണം, സമ്പൂര്‍ണ്ണ ശുചിത്വം തുടങ്ങി പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്  മന്ത്രി പറഞ്ഞു. വരുന്ന മൂന്നുമാസം  വേനല്‍ ചൂട്  വര്‍ദ്ധിക്കാനിടയുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റ വിലയിരുത്തല്‍. ഈ സാഹചര്യം പരിഗണിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഊര്‍ജിതമായി രംഗത്തിറങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ശുചിത്വത്തിനും ആരോഗ്യപരിപാലനത്തിനും  പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു

 ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍  കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ്  ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവി  പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ,  ചീഫ് മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. വിജയകുമാര്‍ , ഡി.എം. ഒ (ഹോമിയോ) ഡോ രാമ സുബ്രമഹ്ണ്യം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എ ലക്ഷ്മി. തുടങ്ങിയവര്‍ സംസാരിച്ചു. ഡി എം ഒ ഇന്‍ചാര്‍ജ് ഡോക്ടര്‍ എ വി രാംദാസ് സ്വാഗതവും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.പുഷ്പ  ,മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ടി ജി ഉണ്ണികൃഷ്ണന്‍ ജില്ലാ ലേബര്‍ ഓഫീസര്‍എം. കേശവ് ,  ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസര്‍ എസ്.മീന റാണി, മാസ് മീഡിയ ഓഫീസര്‍ സയന ,പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു