പൊന്നാനിയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് മാള്‍ ഒരുങ്ങുന്നു

post

ഡി.പി.ആര്‍ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

പൊന്നാനിയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് മാള്‍ വരുന്നു. നഗരസഭയുടെ 2022-23 വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിങ് മാളിന്റെ കരട് ഡീറ്റയില്‍ഡ് പ്രോജക്ട് റിപോര്‍ട്ടിന്റെ പ്രദര്‍ശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബസ്സ്റ്റാന്‍ഡ് , ആധുനിക ഷോപ്പിങ് മാള്‍, മത്സ്യ - മാംസ മാര്‍ക്കറ്റുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, മള്‍ട്ടി പ്ലക്‌സ് തീയറ്ററുകള്‍ എന്നിവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംങ്ഷനില്‍ പുതിയ ഹൈവേയില്‍ നിര്‍ദിഷ്ട ഫ്‌ലൈഓവറിനോട് ചേര്‍ന്നാണ് പദ്ധതി നിര്‍ദേശം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയ് തൂസ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആര്‍ കൗണ്‍സില്‍ യോഗത്തില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കരട് ഡി.പി.ആറിന്‍ മേല്‍ ചര്‍ച്ച നടത്തി. വിശദമായ അന്തിമ പ്ലാന്‍ തയ്യാറാക്കി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരും സൈതൂസ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളും പങ്കെടുത്തു.