ഉത്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി

post

11.20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ നിര്‍മ്മാണമാണു പ്രധാനമായും ആദ്യഘട്ടത്തില്‍ നടത്തുന്നത്. മൂന്ന് സെക്ഷനിലായിട്ടാണ് കുളങ്ങള്‍ തയ്യാറാക്കുന്നത്. 24 നഴ്‌സറി റിയറിങ് കുളങ്ങള്‍, മാതൃ മത്സ്യങ്ങളെ ഇടുന്നതിനുള്ള ഒരു എര്‍ത്തേണ്‍ കുളം എന്നിവയാണു നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലവില്‍ ഹാച്ചറിയില്‍ പുറത്തുനിന്ന് തീരെ ചെറിയ കുഞ്ഞുങ്ങളെ എത്തിച്ച് വേണ്ടത്ര പരിപാലനം നല്‍കി ആരോഗ്യമുറപ്പാക്കി കര്‍ഷകര്‍ക്കു കൊടുക്കുകയാണു ചെയ്യുന്നത്. ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ തന്നെ പ്രജനനം നടത്താന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം (2021 22) ആകെ 10.38 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ഹാച്ചറിയില്‍ നിന്ന് വിറ്റഴിച്ചത്. ഭൂരിഭാഗവും കാര്‍പ്പ് കുഞ്ഞുങ്ങളായിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം 37000 ചെറിയ ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ എത്തിച്ച് പരിപാലനം നല്‍കി വില്‍പന നടത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഹാച്ചറിയിലുള്ളത്. ഹാച്ചറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷ ഉത്പാദനം 10 ലക്ഷത്തില്‍ നിന്ന് 100 ലക്ഷമായി ഉയരും.