പള്ളം ബ്ലോക്കില്‍ കേളി സൗജന്യ കലാപരിശീലന പദ്ധതിക്ക് തുടക്കം

post

കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലന പദ്ധതിയുടെ പള്ളം ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ധനുജ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി അവതരണം പദ്ധതിയുടെ ജില്ലാ കോഓര്‍ഡിനേറ്റര്‍ രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചു. ചടങ്ങില്‍ നാട്ടുകലാകാരക്കൂട്ടം കോട്ടയം ജില്ലാ പ്രസിഡന്റ് ബേബി പാറക്കടവന്‍, കഥകളി കലാകാരന്‍ കാരാപ്പുഴ രഘുനാഥ്, മുന്‍ ഫെലോഷിപ്പ് ചിത്രകലാധ്യാപകന്‍ വി. വിവേക്, മുന്‍ നൃത്തകല അധ്യാപിക സ്‌നേഹ മോഹനന്‍, കേരള സര്‍വകലാശാല കലോല്‍സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിത എസ്. നായര്‍ എന്നിവരെ ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖന്‍, വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. രജനിമോള്‍, സുജാത ബിജു, ലിസമ്മ ബേബി , വജ്രജൂബിലി ഫെലോഷിപ്പ് കലാ അധ്യാപകനായ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, വജ്രജൂബിലി ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനര്‍ രേഷ്മ വിന്നി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടി ഫോക്ക് ബാന്‍ഡിന്റെ നാടന്‍ പാട്ടും വജ്രജൂബിലി ഫെലോഷിപ്പ് കോട്ടയം ജില്ല വില്‍പ്പാട്ട് കലാകാരന്മാര്‍ അവതരിപ്പിച്ച വില്‍പ്പാട്ടും നടന്നു.