പിഎംജിഎസ്‌വൈ 3: ലിസ്റ്റിന് ഡിപിസി അംഗീകാരം

post


പത്തനംതിട്ട: പിഎംജിഎസ്‌വൈ 3 2022-23ല്‍ ഉള്‍പ്പെടുത്തി നവീകരണത്തിന് മുന്‍ഗണന അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റോഡുകളുടെ റീജനറേറ്റഡ് സിയുസിപിഎല്‍ ലിസ്റ്റിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പിഎംജിഎസൈ്വ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ കൂടുതല്‍ റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമുള്ള റോഡുകള്‍ ജില്ലയില്‍ ഇല്ലെന്നും കയറ്റിറക്കങ്ങള്‍ കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ടയെന്നും അക്കാര്യം പരിഗണിച്ച് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാല്‍ മാത്രമേ യാത്രാസൗകര്യം ഒരുക്കാന്‍ സാധിക്കുകയുള്ളുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ വിശദവിവരങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൂര്‍ സമര്‍പ്പിക്കേണ്ടതാണെന്നും പരിശോധനകള്‍ നടത്തിയ ശേഷമേ പദ്ധതി അംഗീകാരത്തിനായി എടുക്കുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജില്ലാ വികസന പദ്ധതികളില്‍ വരേണ്ട പൊതു പ്രോജക്ടുകളെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ഒരു ആലോചനായോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലയില്‍ തോക്കിന് ലൈസന്‍സ് ഉള്ളവരുടെ ലിസ്റ്റ് എടുക്കുകയും ആവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കുകയും വേണം. മാത്രമല്ല, വനംവകുപ്പുമായി ആലോചിച്ച് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതി, ജൈവവള ഉത്പാദനം, കരിമ്പ് കൃഷി വ്യാപകമാക്കല്‍, നദീസംരക്ഷണം എന്നീ പദ്ധതികളും ജില്ലയില്‍ നടപ്പാക്കുന്നതിന് ആലോചനായോഗം ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തില്‍ ജില്ലാ ടൗണ്‍പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഓഫീസ് എന്നിവയ്ക്ക് സ്ഥലം അനുവദിക്കുന്നതിന് യോഗം നിര്‍ദേശിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും വിഹിതം വയ്ക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും അതനുസരിച്ച് ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിന് കൈമാറിയതായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു.