ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്: ചട്ടങ്ങള്‍ അംഗീകരിച്ചു

post

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സര്‍വ്വീസിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വിശേഷാല്‍ ചട്ടങ്ങള്‍, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന ഡയറക്ടറേറ്റില്‍ ഒരു അഡീഷണല്‍ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തില്‍ സൃഷ്ടിക്കും. നിലവില്‍ നഗരകാര്യവകുപ്പില്‍ ഈ തസ്തിക ഇല്ലാത്തതാണ്. ജില്ലാ തലത്തില്‍ വകുപ്പ് മേധാവികളെ നിയമിക്കുന്നതിന് 7 ജോയിന്റ് ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. വിവിധ വകുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ ചില സ്‌കെയിലുകള്‍ റഗുലര്‍ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാല്‍ ഈ സ്‌കെയിലുകള്‍ ഏകീകരിച്ചിട്ടുണ്ട്. ഈ സ്‌കെയിലുകള്‍ തൊട്ടു മുകളിലേക്കുള്ള ശമ്പളസ്‌കെയിലിലേക്കാണ് അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സര്‍വ്വീസിലെ 10 തസ്തികകള്‍ക്കും സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ മൂന്ന് തസ്തികകള്‍ക്കുമാണ് അപ്ഗ്രഡേഷന്‍ ആവശ്യമായി വന്നത്.

കോര്‍പ്പറേഷന്‍ സെക്രട്ടറി തസ്തികയും കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി തസ്തികയും ജോയിന്റ് ഡയറക്ടര്‍ തസ്തികയായിട്ടാണ് അപ്ഗ്രേഡ് ചെയ്യുന്നത്. മുന്‍സിപ്പല്‍ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണര്‍ക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടര്‍ ആയും ഗ്രേഡ് 3 തസ്തിക സീനിയര്‍ സെക്രട്ടറിയായും അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ഡെപ്യൂട്ടി ഡെവലപ്മെന്റ് തസ്തികക്ക് തുല്യമായി ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫീസര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വ്വൈസര്‍ എന്നീ തസ്തികകള്‍ അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മീഷണര്‍ തസ്തികയ്ക്ക് തുല്യമായി അസിസ്റ്റസ്റ്റ് ഡയരക്ടര്‍ തസ്തികയാക്കും. സബോര്‍ഡിനേറ്റ് സര്‍വീസിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ തസ്തിക ക്ലീന്‍ സിറ്റി മാനേജര്‍ എന്ന പേരിലും ക്യാമ്പയിന്‍ ഓഫീസര്‍ തസ്തിക സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയര്‍ത്തും. പഞ്ചായത്ത് വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 എന്ന പേരില്‍ ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടര്‍ തസ്തികയ്ക്ക് തുല്യമാക്കി ഉയര്‍ത്തുകയും തദ്ദേശവകുപ്പിന്റെ കേഡര്‍ തസ്തികയാക്കി മാറ്റുകയും ചെയ്യും.

ഇതിന് പുറമേ പഞ്ചായത്ത് വകുപ്പിലെ66പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയ്ക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലത്തിലെ ഏറ്റവും സീനിയറായ 66 പേരെയാണ് ഈ തസ്തികയില്‍ പരിഗണിക്കുന്നത്. ഇവരുള്‍പ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലന്‍സ് സംവിധാനമാക്കി മാറ്റി, ഇവരെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ആയി വിന്യസിക്കും.

കഴിഞ്ഞ ഫെബ്രുവരി 19ന് തദ്ദേശ സ്വയം ഭരണ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകീകൃത തദ്ദേശ വകുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിന്റെ തുടര്‍ച്ചയില്‍ നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന-ജില്ലാ തലത്തില്‍ ഓഫീസ് സംവിധാനങ്ങളും ഫെബ്രുവരി മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. ചട്ടങ്ങള്‍ അംഗീകരിച്ചതോടെ വകുപ്പ് സംയോജനം സമ്പൂര്‍ണ്ണമാവുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചരിത്രപരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായിട്ടുള്ളത്.