അവിനാശി വാഹനാപകടം: മന്ത്രി എ സി മൊയ്തീന്‍ അനുശോചിച്ചു

തൃശ്ശൂര്‍: തിരുപ്പൂരിനടുത്ത് അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എരുമപെട്ടി സ്വദേശി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അനുവിന്റെ വീട്ടിലെത്തിയ മന്ത്രി എ സി മൊയ്തീന്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അദ്ദേഹത്തെ അനുഗമിച്ചു. എരുമപെട്ടി വാഴപ്പിള്ളി വീട്ടില്‍ സിന്‍ജോയുടെ ഭാര്യയാണ് മരണപ്പെട്ട കെ വി അനു (25). കൊള്ളന്നൂര്‍ വീട്ടില്‍ വര്‍ഗീസ് - മര്‍ഗിലി ദമ്പതികളുടെ മകളാണ്. ഈയ്യാല്‍ സ്വദേശിനിയായ അനു ബാംഗ്ലൂര്‍ ഒമേഗ ഹെല്‍ത്ത് കെയര്‍ കാര്‍ഡിയാക് വിഭാഗത്തില്‍ പെര്‍ഫ്യൂഷനിസ്റ്റായാണ് ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 19 ന് വിവാഹിതയായ അനു ഖത്തറിലേക്ക് പോകുന്ന ഭര്‍ത്താവ് സിന്‍ജോയെ യാത്രയാക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ച തൃശൂര്‍ മുതുവറ ചിറ്റിലപ്പിളളി കുറുങ്ങാട്ട് വളപ്പില്‍ മണികണ്ഠന്‍ - ലീല ദമ്പതികളുടെ മകന്‍ ഹനീഷിന്റെ (24) മൃതദേഹം വീട്ടിലെത്തിച്ചു. അനില്‍ അക്കര എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റിയിലെ സ്‌നൂക്ക് ഇന്ത്യയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹണിമ സഹോദരിയാണ്. സംസ്‌ക്കാരം ഇന്ന്.
അപകടത്തില്‍ മരിച്ച അരിമ്പൂര്‍ സ്വദേശി കെ ഡി യേശുദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
തൃശൂര്‍ ജില്ലക്കാരായ ചിയ്യാരം സ്വദേശി ജോഫി പോള്‍, ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍, ചാവക്കാട് അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദ്, തൃക്കൂര്‍ സ്വദേശിയും ബാംഗ്ലൂരില്‍ സ്ഥിരതാമസക്കരാനായ കിരണ്‍കുമാര്‍, മണ്ണുത്തി സ്വദേശി റോസിലി എന്നിവരും അപകടത്തില്‍ മരിച്ചു.