നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടു വച്ച് പശ്ചിമേഷ്യന്‍ പ്രവാസി മേഖലാതല ചര്‍ച്ച

*പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണം
പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്. പ്രവാസികളുടെ വിമാന യാത്രാ പ്രശ്നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള കമ്പനി സംബന്ധിച്ച് പുനരാലോചന നടത്തണം. വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണം. പ്രവാസികളുടെ മക്കള്‍ ഉന്നതവിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശത്തുള്ളവരുടെ കുട്ടികള്‍ക്ക് പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കണം. നഴ്സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതില്‍ നോര്‍ക്ക ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലും നിരവധി സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. കേരളത്തില്‍ ബിടെക് ബിരുദമാണ് നല്‍കുന്നത്. എന്നാല്‍ യു. എ. ഇ അംഗീകരിച്ചിരിക്കുന്നത് ബി. ഇ ബിരുദമാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് അഭിപ്രായമുയര്‍ന്നു.
നോര്‍ക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. ടൂറിസം മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പ്രവാസി പെന്ഷന് സംബന്ധിച്ചും നിരവധി ആവശ്യങ്ങളുണ്ടായി.
മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, മുഹമ്മദ്റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജോണ്‍ബ്രിട്ടാസ് എം.പി, എം. എല്‍. എമാരായ ടി.പി.രാമകൃഷ്ണന്, തോമസ് കെ. തോമസ്, ഇ.കെ. വിജയന്, കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ 45 പ്രതിനിധികള്‍ സംസാരിച്ചു. 73 പേര് 200 ലധികം നിര്‍ദ്ദേശങ്ങള്‍ എഴുതി നല്കി.