നോര്‍ക്ക ഇടപെടല്‍ കൂടുതല്‍ ജനകീയമാക്കാനും അഭ്യന്തര പ്രവാസികളെ പരിഗണിക്കാനും ആവശ്യം
മൂന്നാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന മേഖല സമ്മേളനത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങളും ചര്‍ച്ചയായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ ശശീന്ദ്രന്‍, സജി ചെറിയാന്‍, എ.എ റഹീം എംപി തുടങ്ങിയര്‍ മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ കേട്ടു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാനും ടൂറിസം മേഖലയില്‍ പ്രഗത്ഭരായ പ്രവാസികളെ ഉള്‍പ്പെടുത്തി സ്ഥിരം കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിമാനക്കമ്പനികളുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ അനുവദിക്കുന്നത് പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. കര്‍ണ്ണാടക, തമിഴ്നാട് മേഖലകളില്‍ പ്രധാന നഗരങ്ങളെക്കൂടാതെയുള്ള പ്രദേശങ്ങളിലേക്ക് കൂടി ഗതാഗത സൗകര്യം കേരള സര്‍ക്കാര്‍ ഒരുക്കി നല്‍കണമെന്നും ആവശ്യമുണ്ടായി.
ലോകകേരള സഭ സെക്രട്ടേറിയറ്റില്‍ സ്ഥിരമായി ഒരു നോഡല്‍ ഓഫീസറിനെ അനുവദിച്ചു നല്‍കിയാല്‍ ഇതര സംസ്ഥാന പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. കേരളത്തിന് പുറത്ത് എത്ര മലയാളികള്‍ താമസിക്കുന്നുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരശേഖരണം നടത്തണം. കഴിഞ്ഞ ലോക കേരള സഭയുമായി ബന്ധപ്പെട്ട് 20 നിര്‍ദ്ദേശങ്ങള്‍ സാംസ്‌കാരിക വകുപ്പിനു മുന്നിലെത്തിയതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ കാരണം പലതും നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടായെങ്കിലും നിര്‍ദ്ദേശങ്ങളൊക്കെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണം വകുപ്പിന്റെ പരിഗണനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥലം അനുവദിച്ചാല്‍ സാമ്പത്തിക സഹായം നല്‍കി സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കും. സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് നേരിട്ട തടസ്സം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.










