ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്: പൊന്മുടിയിലേക്ക് ആധുനിക റോഡ് ഒരുങ്ങുന്നു

post


നെടുമങ്ങാട്-വിതുര-പൊന്മുടി ആധുനിക റോഡ് നിര്‍മ്മാണം ആരംഭിച്ചു


തിരുവനന്തപുരം: കൂടുതല്‍ സഞ്ചാരികളെ പൊന്മുടിയിലേക്ക് ആകര്‍ഷിക്കാനും ടൂറിസം വികസനത്തിന് പുത്തനുണര്‍വേകാനും സഞ്ചാരം സുഗമമാക്കാനുമായി ആധുനിക റോഡ് നിര്‍മ്മാണം ആരംഭിച്ചു.


തിരുവനന്തപുരം പൊന്മുടി റോഡില്‍ നെടുമങ്ങാട് പഴകുറ്റി മുതല്‍ പൊന്മുടി വരെയുള്ള 37.948 കിലോമീറ്റര്‍ റോഡാണ് ആധുനിക രീതിയില്‍ പുനര്‍നിര്‍മാണം ആരംഭിച്ചത്. ഈ പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പൊന്‍മുടി റോഡ് നവീകരണം.


167.69 കോടി രൂപ ചെലവാഴിച്ചാണ് നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ നിര്‍മ്മാണം നടക്കുന്നത്. സംസ്ഥാന ഹൈവേ രണ്ട്, 45 എന്നിവ ഉള്‍പ്പെടുന്ന റോഡിന്റെ 21.03 കിലോമീറ്റര്‍ ദൂരം 10 മുതല്‍ 12 മീറ്റര്‍ വീതിയുള്ള ടാറിംഗും 15.6 കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി) പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി. അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും നിര്‍മാണ കമ്പനിയില്‍ നിക്ഷിപ്തമാണ്. തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പാക്കേജ് പ്രകാരമാണ് റോഡിന്റെ നിര്‍മ്മാണം നടത്തുന്നത്.


ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതുതായി അഞ്ച് കലുങ്കുകള്‍ നിര്‍മ്മിക്കുകയും 47 കലുങ്കുകള്‍ പുനര്‍നിര്‍മ്മിക്കുകയും 10 എണ്ണം വീതികൂട്ടുകയും ചെയ്യും. പാതയ്ക്കിരുവശവും പ്രത്യേക നടപ്പാതകളും ഉയര്‍ന്ന ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയാനായി സംരക്ഷണ ഭിത്തികളും നിര്‍മ്മിക്കും. റിറ്റെയിനിംഗ് വോള്‍, പാലങ്ങളുടെ നവീകരണം, വനാതിര്‍ത്തി വരെ റോഡിന് ഇരുവശവും ഓടനിര്‍മ്മാണം, വനം ഉള്‍പ്പെടുന്ന ഭാഗത്ത് ഐറിഷ് ഡ്രെയിന്‍ എന്നിവയുമുണ്ടാകും. 22 ഹെയര്‍പിന്നുകളുടെ വീതി വര്‍ധിപ്പിക്കാനും വാഹനങ്ങള്‍ക്ക് വളഞ്ഞ് കയറാന്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും പുതിയ പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്.


പൊന്മുടിപ്പാതയുടെ നവീകരണം ടൂറിസം മേഖലയില്‍ മാത്രമല്ല, മലയോരമേഖലയിലെ ഗതാഗതസൗകര്യവും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും.