ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം

post

*15നു മുഖ്യമന്ത്രി ജീവനക്കാരെ അഭിസംബോധ ചെയ്യും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. 15നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുഖേന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അഭിസംബോധന ചെയ്താകും ഉദ്ഘാടനം.

സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസ് തലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഫയല്‍ തീര്‍പ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികള്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പു തലത്തില്‍ അതതു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കും. വകുപ്പുതലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങള്‍ നടത്തി പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും. ചീഫ് സെക്രട്ടറി ഫയല്‍ തീര്‍പ്പാക്കലിന്റെ ഉദ്യോഗസ്ഥലതത്തിലുള്ള പൊതുവായ മേല്‍നോട്ടം വഹിക്കും.

ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതിനു പുറമേ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബര്‍ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീര്‍പ്പാക്കല്‍ വിശദാംശം ഒക്ടോബര്‍ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.