സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമായി

post

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; 

നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആധുനിക മന്ദിരവും അമിനിറ്റി സെന്ററും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെന്ററിന്റെയും നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വികസനത്തിന്റെ നേര്‍ചിത്രമാണ് ഈ പദ്ധതികളിലൂടെ കാണാനാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

നിലവില്‍ ആറ് ഡയാലിസിസ് യൂണിറ്റുകളാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പുതുതായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് 14 യൂണിറ്റും കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ച് 10 യൂണിറ്റും ചേര്‍ന്ന് 24 യൂണിറ്റുകൂടെ വരുന്നതോടെ ഒരേ സമയം 30 പേര്‍ക്ക് ഡയാലിസിസ് നടത്താന്‍ കഴിയും. രണ്ട് കോടി 80 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റിന് ചെലവായത്. സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററാണിത്. എം.എല്‍.എ. ഫണ്ടുപയോഗിച്ചും കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. ഫണ്ടുപയോഗിച്ചുമുള്ള രണ്ട് പേവാര്‍ഡ് കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയാണ്. ആധുനിക സി.ടി. സ്‌കാന്‍ സൗകര്യം ആശുപത്രിയില്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. അതോടൊപ്പം എം.എല്‍.എ. ഫണ്ടില്‍ നിന്നും 93 ലക്ഷം രൂപ കൂടി വിനിയോഗിച്ചാണ് 26,000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. ആധുനിക നിലവാരത്തില്‍ ഹൈടെക്ക് ക്ലാസ് മുറികളാണ് പണിതത്. വലിയ കിച്ചനും കുട്ടികള്‍ക്ക് പ്രഭാത, ഉച്ചഭക്ഷണം കഴിക്കാന്‍ സൗകര്യവും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കെ. ആന്‍സലന്‍ എം.എല്‍.എ. സ്വാഗതം പറഞ്ഞു. സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സന്‍ ഡബ്ലിയു. ആര്‍. ഹീബ, ജില്ലാ പഞ്ചായത്തംഗം ബെന്‍ ഡാര്‍വിന്‍, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.