കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

post

സര്‍ക്കാര്‍ സംവിധാനങ്ങളും സേവനങ്ങളും പൂര്‍ണമായി ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് സാധ്യമാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓരോ വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ ഏകീകൃതമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സോഫ്‌റ്റ്വെയറുകള്‍ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൂലൈ മാസത്തോടെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ സന്തോഷ് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, ഐ ടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ ഡി.സങ്കി, എന്‍ ഐ സി ഡയറക്ടര്‍ പി വി മോഹന കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.