ഐ.എൽ.ഡി.എമ്മിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

post



ഐ എൽ ഡി എം ൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മവും റവന്യു മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. ദുരന്ത നിവാരണ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ദുരന്താനന്തര മാനസിക ആഘാത ലഘൂകരണത്തിനായി ഐ എൽ ഡി എം ൽ ആരംഭിക്കുന്ന 'പോസ്റ്റ് ഡിസാസ്റ്റർ ട്രോമാ കൗൺസിലിംഗ് സെന്റർ' ആരംഭിക്കുന്നതിന്റെയും മികവിന്റെ കേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്ന ഐ എൽ ഡി എം ൽ പുതിയ എം. ബി. എ കോഴ്സുകൾ നടത്തുന്നതിനായി ക്ലാസ് മുറികളും ഒരു മിനി കഫെറ്റേരിയയും, നവീകരിച്ച ക്യാമ്പസ് വൈഫൈ, മികച്ച രീതിയിൽ ക്ലാസ്സുകൾ നടത്തുന്നതിനായുള്ള ഇന്ററാക്ടീവ് ടച്ച് പാനലുമാണ് ഉദ്ഘാടനം ചെയ്തത്. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു.

മറ്റു വകുപ്പുകളിൽ നിന്ന് റവന്യു വകുപ്പിന്റെ പ്രവർത്തനം വ്യത്യസ്തമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ റവന്യു വകുപ്പോളം ദീർഘമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും സർക്കുലറുകളും പഠന വിധേയമാക്കേണ്ട മറ്റൊരു വകുപ്പുമില്ല. പരിചയത്തിന്റേയും ദീർഘകാല അനുഭവത്തിന്റേയും വെളിച്ചത്തിൽ മറ്റു വകുപ്പുകളിൽ തീരുമാനം പെട്ടെന്ന് എടുക്കാൻ കഴിയും. എന്നാൽ റവന്യു വകുപ്പിൽ അങ്ങനെയല്ല. ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട വിഷയം എടുത്താൽ തന്നെ ഇത് വ്യക്തമാകും. 2021 ജനുവരിയിൽ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ കൈക്കൊണ്ട തീരുമാനമാകില്ല ഫെബ്രുവരിയിൽ എടുക്കേണ്ടി വരിക. ഏപ്രിലിലെ ഉത്തരവ് വന്നതോടെ വീണ്ടും മറ്റൊരു തീരുമാനം എടുക്കേണ്ടി വരുന്ന സ്ഥിതാണെന്ന് മന്ത്രി പറഞ്ഞു.