പ്രകൃതിക്ക് തണലാകാന്‍ മലയിഞ്ചിപ്പാറയിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ്

post

കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യ ഹരിത വിദ്യാലമായ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ പ്രകൃതി സംരക്ഷണത്തിനായി പുതിയ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുകയാണ്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.ഹരിത ചട്ടം പാലിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പേപ്പര്‍പേനകളാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളെയും പേപ്പര്‍പേന നിര്‍മ്മാണം പരിശീലിപ്പിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കുന്നതിനും തുണി സഞ്ചികളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിനുമായി പാതാമ്പുഴ ടൗണിലെ കടകളിലും വീടുകളിലും സര്‍വ്വേ നടത്തി.പി.ടി.എയുടെ സഹകരണത്തോടെ മാതാപിതാക്കള്‍ നിര്‍മ്മിച്ച 200 ഓളം തുണിസഞ്ചികള്‍ ആദ്യഘട്ടത്തില്‍ സൗജന്യമായും രണ്ടാം ഘട്ടത്തില്‍ കുറഞ്ഞ നിരക്കിലും പ്രദേശത്തെ കടകളില്‍ വിതരണം ചെയ്തു.ഹരിതകര്‍മ്മ സേനയുടെ സഹായത്തോടെ പ്രദേശത്തെ 300 വീടുകളില്‍ തുണി സഞ്ചികള്‍ എത്തിക്കും. 30 രൂപയ്ക്കാണ് ഇവ നല്‍കുന്നത്. ഇന്ത്യ സിറ്റിസണ്‍ ഫോറത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.