മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി

post


പാലക്കാട്‌: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഹരിതകര്‍മസേന വഴിയാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനാണ് പുതിയ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. തരംതിരിച്ച മാലിന്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.


പദ്ധതി പ്രകാരം അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിനുള്ള കെട്ടിടം, റോഡ്, കുടിവെള്ള സൗകര്യം, മാലിന്യങ്ങളുടെ ഭാരം അളക്കുന്നതിനും വൃത്തിയാക്കുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് ശ്മശാനത്തിനോട് ചേര്‍ന്നാണ് അജൈവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.


പ്ലാസ്റ്റിക്ക് സംസ്‌ക്കരണ യൂണീറ്റ് ബ്ലോക്ക് മെമ്പര്‍ തോമസ് വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്ലാന്റില്‍ ഫല വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍ നിര്‍വ്വഹിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് പരിപാടിയില്‍ അധ്യക്ഷയായി.