ചേരിക്കലിലൂടെ ചെറുവാഹനങ്ങൾക്ക് ഗതാഗതസൗകര്യമൊരുക്കും

post



കോട്ടയം: ജലനിരപ്പ് വീണ്ടും ഉയർന്നാൽ അയ്യൻമാത്ര വഴി തിരുവാർപ്പിലേക്കു പോകുന്ന റോഡിൽ വെള്ളംകയറാനിടയുള്ളതിനാൽ ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ ഭാഗത്തെ നിലവിൽ നിർമാണം നടക്കുന്ന പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് ഗതാഗത സൗകര്യമൊരുക്കുന്നു.

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്ഥലം സന്ദർശിച്ചാണ് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയത്. ചേരിക്കൽ ഭാഗത്തെ പാലം നിർമ്മാണം നടക്കുന്നതിനാലാണ് അയ്യൻമാത്ര റോഡുവഴി തിരുവാർപ്പിലേക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. പാലം നിർമാണം അവസാനഘട്ടത്തിലാണ്. പാലത്തിന്റെ ഒരുവശത്തെ നിർമാണം പൂർത്തീകരിച്ചു. ഇതിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് സർവീസ് റോഡിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 2020 ഏപ്രിലിൽ ആറിന്റെ സംരക്ഷണ ഭിത്തി തകർന്നാണ്് ചേരിക്കൽ ഭാഗത്തെ റോഡ് മീനച്ചിലാറ്റിൽ പതിച്ചത്. റോഡിനു സമീപത്തെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ താൽക്കാലിക റോഡ് നിർമിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് തകർന്ന റോഡ് ഭാഗത്തെ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്തംഗം കെ.ആർ. അജയ്, പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു എം. പ്രകാശ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.