സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു: മന്ത്രി ആന്റണി രാജു

post

 പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വയ്ക്കണം. സ്‌കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കണം. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. സുരക്ഷിതമായി ബസില്‍ കയറാനും ഇറങ്ങാനും അവര്‍ കുട്ടികളെ സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഇത് ഹാജരാക്കണം. ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ കാണാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കണം. കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവ പാടില്ല. എമര്‍ജന്‍സി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതാണ്. സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം. വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101) മുതലായ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവിംഗ് രീതികള്‍ കുട്ടികളെ സ്വാധീനിക്കുന്നതിനാല്‍ മാതൃകാപരമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. അടുത്ത അധ്യയന വര്‍ഷം അപകടരഹിതമാക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.