എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വ്വേയില്‍ രജിസ്റ്റര്‍ ചെയ്തത് 45,94,543പേര്‍

post

 നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തത് 45,94,543 തൊഴിലന്വേഷകര്‍. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, എറണാകുളം ജില്ലയിലെ സര്‍വ്വേ പിന്നീട് നടക്കും. 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സര്‍വ്വേയുടെ തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നതിനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തൊഴില്‍ നല്‍കുന്ന പ്രക്രിയയിലും കുടുംബശ്രീ നിര്‍ണ്ണായക പങ്ക് വഹിക്കും. തൊഴിലന്വേഷകരുടെ കൗണ്‍സിലിംഗിന് കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്സ് സംവിധാനം നടപ്പാക്കും. രജിസ്റ്റര്‍ ചെയ്തവരില്‍ 58 ശതമാനവും സ്ത്രീകളാണ്, 26,82,949 പേര്‍. കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്, 5,66,480 പേര്‍. കുറവ് വയനാട് ജില്ലയില്‍ 1,43,717.. 72,892 എന്യൂമറേറ്റര്‍മാര്‍ 68,43,742 വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരം ശേഖരിച്ചത്. തൊഴില്‍ തേടുന്നവരില്‍ 5,30,363 പേര്‍ 20 വയസിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയില്‍ പ്രായമുള്ള 25,11,278 പേരും, 31നും 40നു ഇടയില്‍ പ്രായമുള്ള 10,78,605 പേരും, 41നും 50നും ഇടയില്‍ പ്രായമുള്ള 3,69,093 പേരും, 51നും 56നും ഇടയില്‍ പ്രായമുള്ള 90,900 പേരും, 56ന് മുകളില്‍ പ്രായമുള്ള 14,304 പേരും രജിസ്റ്റര്‍ ചെയ്തു. സര്‍വ്വേയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഐടിഐ വിദ്യാഭ്യാസമുള്ളവര്‍ 2,46,998 പേരാണ്, ഡിപ്ലോമയുള്ളവര്‍ 3,60,279. ബിരുദ ധാരികള്‍ 14,05,019 പേരും ബിരുദാനന്തര ബിരുദമുള്ള 4,59,459 പേരും രജിസ്റ്റര്‍ ചെയ്തു. പ്ലസ് ടു യോഗ്യതയുള്ള 21,22,790 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീടുകള്‍ സര്‍വ്വേയില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍, വാര്‍ഡ് അംഗത്തെയും എഡിഎസ്- സിഡിഎസ് ഭാരവാഹികളെയും ബന്ധപ്പെടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.