എക്സൈസ് ഓഫീസുകള്‍ക്ക് പ്രവര്‍ത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം

post

 എക്സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാര്‍ഡ് നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 'എന്റെ ഓഫീസ്, എന്റെ അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കാമ്പയിന്‍. ജില്ലാ തലത്തില്‍ 'വെണ്മ' പുരസ്‌കാരവും സംസ്ഥാന തലത്തില്‍ കമ്മീഷണേഴ്സ് ട്രോഫിയും ഏര്‍പ്പെടുത്തി. റെക്കോഡ് മെച്ചപ്പെട്ട രീതിയില്‍ സൂക്ഷിക്കല്‍ സംവിധാനവും, തൊണ്ടി സാധനങ്ങളുടെ കൈകാര്യവും, ശുചിത്വവുമാണ് അവാര്‍ഡിന് പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാര്‍ക്ക് വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാര്‍ക്കുമാണ് നല്‍കുക. പുരസ്‌കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫീസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടി സാധനങ്ങള്‍ പരമാവധി വേഗത്തില്‍ നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശവും ഇതിനായി നല്‍കിയിട്ടുണ്ട്.