സ്‌കൂളുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിക്കാം

post

 നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂള്‍ മേല്‍ക്കൂരകള്‍ നീക്കം ചെയ്യുമ്പോള്‍ നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്ററുമായി മന്ത്രി ചര്‍ച്ച നടത്തി. സ്‌കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചര്‍ച്ച. ടിന്‍ /അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഫാള്‍സ് സീലിംഗ് ചെയ്യണം. 2019ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നിര്‍മ്മാണം ആരംഭിച്ചതും അതിനുശേഷം പൂര്‍ത്തിയായതുമായ കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതില്‍ ഇളവു നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതി നല്‍കാനും നടപടിയുണ്ടാകും. കുട്ടികളുടെ സുരക്ഷയും സൗകര്യവുമാണ് മുഖ്യമെന്ന് യോഗത്തിനുശേഷം മന്ത്രിമാര്‍ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടടെയാണ് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതെന്നും പറഞ്ഞു.