ഭിന്നശേഷിക്കാർക്ക് കൂട്ടായി റിഹാബ് എക്‌സ്പ്രസ്

post

മികവോടെ മുന്നോട്ട്: 93



* രൂപമാറ്റം വരുത്തിയ ലോ ഫ്‌ളോർ ബസ്

* പ്രാദേശിക ക്യാമ്പുകൾ; തെറാപ്പിക്കൊപ്പം വിദഗ്ധ സേവനം

---


കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും (KSSM) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻന്റെയും (NIPMR) സംയുക്ത പദ്ധതിയാണ് റിഹാബ് എക്‌സ്പ്രസ്. കെഎസ്ആർടിസിയിൽനിന്നും ഒരു ലോ ഫ്‌ലോർ എ.സി ബസ് രണ്ട് വർഷത്തേക്ക് വാടകക്ക് എടുത്ത് ഭിന്നശേഷി സൗഹൃദമാക്കി. ബസ്സിൽ ആവശ്യമായ രൂപമാറ്റം വരുത്തി ആവശ്യമായ ചികിത്സാസൗകര്യം ഒരുക്കി, വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തി ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ അടങ്കൽ തുക 96.07 ലക്ഷം രൂപയാണ്. സാമൂഹ്യ സുരക്ഷാമിഷന്റെ അനുയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് NIPMR നിർമ്മിക്കുന്ന പ്രോസ്തറ്റിക്‌സ് ആന്റ് ഓർത്തോറ്റിക്‌സ് ഉപകരണങ്ങൾ ടെണ്ടർ നടപടി കൂടാതെ പർച്ചേസ് ചെയ്യുന്നതിന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പുനരധിവാസ സൗകര്യങ്ങൾ കുറവായതിനാൽ 2016 ലെ ആർ.പി.ഡബ്‌ളിയു.ഡി നിയമം (Rights of Persons with Disabilities) അനുശാസിക്കുന്നപ്രകാരം, സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലേക്കും ഇത്തരം സേവനങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ട്. ഇത് മനസ്സിലാക്കി ഒരു മൊബൈൽ ഇടപെടൽ യൂണിറ്റ് എന്ന നിലയിലാണ് റിഹാബ് എക്‌സ്പ്രസ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാരായ ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനും സഹായ ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയിക്കുന്നതിനും NIPMR റീഹാബ് സ്‌പേസിലൂടെ കഴിയും.


കുട്ടികളിലെ മാനസിക വളർച്ചാമാന്ദ്യം നേരത്തെ മനസ്സിലാക്കി ആവശ്യമായ ചികിത്സ സമയബന്ധിതമായി നൽകേണ്ടത് അത്യാവശ്യമാണ്. കേരളം മുഴുവൻ ഭിന്നശേഷിചികിത്സാ പുനരധിവാസ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് റിഹാബ് എക്‌സ്പ്രസ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിലൂടെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്‌സ് ടെക്‌നീഷ്യന്റെ സേവനം, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം എന്നിവ ഉറപ്പാക്കുന്നു. പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്ക് 9288008987 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാം.