സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി

post

സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ. നിലവാരത്തിലെത്തിക്കും

20 രജിസ്‌ട്രേഷന്‍ ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പിലും ആധുനികവത്കരണത്തിലൂടെ ഈ മാറ്റം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. പണിപൂര്‍ത്തിയായ 10 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മന്ദിരോദ്ഘാടനവും 10 ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഓഫീസുകള്‍ പുതുക്കിപണിയാനും വാടകക്കെട്ടിടങ്ങളിലുള്ളവയ്ക്ക് പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചത്. ഇതിനായി 48 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്ന് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കുമായി കിഫ്ബി വഴി 100 കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട ഓഫീസുകളാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. വകുപ്പിലെ സമാനതകളില്ലാത്ത പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ ഓഫീസുകളില്‍ ദൃശ്യമാകുന്നുണ്ട്. അഴിമതിയുടെ കാര്യത്തിലും വലിയ കുറവുണ്ടാക്കാനായി. ആരോഗ്യകരമായ ഈ മാറ്റം തുടരാനാകണം. 

സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ. നിലവാരം നേടാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വ്യാജ മുദ്രപ്പത്രങ്ങള്‍ തടയാന്‍ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ തയാറാക്കാന്‍ ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റെക്കോര്‍ഡ് റൂമുകളുടെ പരിഷ്‌കരണവും സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. സര്‍ക്കാരിന് റവന്യൂ വരുമാനം നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള വകുപ്പാണിത്.

രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മാത്രമല്ല, ഇതിനെ ആശ്രയിക്കുന്ന വലിയ വിഭാഗത്തിനും ഗുണപരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആധാരം എഴുത്തുകാര്‍, കൈപ്പടക്കാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി. ഉത്സവബത്തയും 1,500 രൂപയായി വര്‍ധിപ്പിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കി പൂര്‍ണമായി അഴിമതി വിമുക്തമാക്കുകയും സേവന നിലവാരം ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയേറെ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ ഒരുമിച്ച് നിര്‍മ്മിച്ച സര്‍ക്കാര്‍ വേറെയില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജീവനക്കാരുടെയും ആധാരം എഴുത്തുകാരുടെയും വെണ്ടര്‍മാരുടെയും ക്ഷേമത്തിനും നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി ഇ-പേമെന്റും ഇ-സ്റ്റാമ്പിംഗും ഡിജിറ്റലൈസേഷനും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഡീ. ചീഫ് സെക്രട്ടറി ആര്‍. കെ. സിംഗ്, രജിസ്‌ട്രേഷന്‍ ഐ.ജി. എ. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മുഖാന്തിരമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരിന്റെ കാലത്തുതന്നെ 51 ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. മാത്രമല്ല, 2019 ഫെബ്രുവരി 19ന് നിര്‍മ്മാണം ആരംഭിച്ച് കൃത്യം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ 10 കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പയ്യോളി, മലപ്പുറത്ത് തേഞ്ഞിപ്പലം, താനൂര്‍, കല്‍പകഞ്ചേരി, കുറ്റിപ്പുറം, പാലക്കാട്ട് ചെര്‍പ്ലശ്ശേരി, തൃശൂരില്‍ കുന്നംകുളം, അക്കിക്കാവ് എന്നിവിടങ്ങളിലെ പുതിയ ഓഫീസ് മന്ദിരങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി 8.62 കോടി രൂപയാണ് ചെലവ്.

കോട്ടയം ജില്ലയിലെ കോട്ടയം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, തൃശൂരില്‍ മുണ്ടൂര്‍, കോഴിക്കോട്ട് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, വെസ്റ്റ്ഹില്‍, ചാത്തമംഗലം, അഴിയൂര്‍, വില്യാപ്പള്ളി, ഫറോക്, കണ്ണൂരില്‍ ഇരിട്ടി, കാസര്‍കോട്ട് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്്. ഇതിനായി 15.69 കോടി രൂപയാണ് ചെലവ്.