ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകും

post


ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകുമെന്നു ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതിനായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു കീഴിലെ സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷനു കീഴിൽ പ്രവർത്തനമാരംഭിക്കുന്ന മീഡിയേഷൻ കേന്ദ്രങ്ങളുടെയും സൗജന്യ ഉപഭോക്തൃ നിയമസഹായ കേന്ദ്രങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


പുതുതായി രൂപം നൽകിയ കേന്ദ്രങ്ങൾ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിനു കൂടുതൽ സഹായകമാകുമെന്നു മന്ത്രി പറഞ്ഞു. കേസുകൾ പരിഗണിക്കുന്നതിന് ഓൺലൈൻ അദാലത്തും വാട്സാപ്പ് വഴി പരാതി നൽകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയതു ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഉപഭോക്തൃ തർക്കപരിഹാര കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും പുതിയ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണു മീഡിയേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. 14 ജില്ലകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങളും സജ്ജമാണ്. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനു പ്രത്യേക വെബ്‌സൈറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പർ എന്നിവ ഉടൻ പ്രവർത്തന സജ്ജമാകും.