ഓപ്പറേഷൻ മത്സ്യ ആകെ 3645.88 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

post


മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷൻ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് (26 ഏപ്രിൽ) 108 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയിൽ നൂനതകൾ കണ്ടെത്തിയവർക്കെതിരായി 4 നോട്ടീസുകളും നൽകി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1950 പരിശോധനയിൽ 1105 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയിൽ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വിൽപന കേന്ദ്രങ്ങൾ മുതൽ പ്രധാന ലേല കേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി.


കുടിവെള്ളത്താൽ നിർമ്മിച്ച ഐസിൽ മീനിനു തുല്യമായ അളവിൽ 1:1 അനുപാതം പാലിച്ച് മത്സ്യം സൂക്ഷിക്കണമെന്നതു സംബന്ധിച്ചും പരിശോധനാ വേളയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മത്സ്യ വ്യാപാരികൾക്ക് ബോധവൽക്കരണം നൽകിവരുന്നു.