ജീവിതം മധുരമാക്കാൻ മിഠായി പദ്ധതി

post

മികവോടെ മുന്നോട്ട്: 75

* 18 വയസ് വരെ സൗജന്യ ചികിത്സ

* ചികിത്സ നേടിയത് 1184 പേർ

* ജില്ലകളിൽ സാറ്റലൈറ്റ് സെന്റർ


ആരോഗ്യമുള്ള സമൂഹത്തെ വളർത്തിയെടുക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പിറവിയിൽതന്നെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിച്ച് അവരെ ഊർജ്ജസ്വലതയോടെ മുന്നോട്ട് ജീവിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ സാമൂഹ്യസുരക്ഷാമിഷൻ വിവിധ പദ്ധതികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി 2018ൽ 'മിഠായി' പദ്ധതി ആരംഭിച്ചത്. മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹത്തെക്കാൾ സങ്കീർണ്ണമാണ് കുട്ടികളിലേത്. ചികിത്സാച്ചെലവ് സാധാരണക്കാരുടെ പരിമിതികളെ താളം തെറ്റിക്കുന്നതുമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അൽപം അപകടകരവുമാണ് ഈ അവസ്ഥ. ഇതിൽ ആശ്വാസമാകുകയാണ് മിഠായി'. ഇതുവരെ 1184കുട്ടികളാണ് പദ്ധതിയിൽ ചികിത്സ തേടിയത്.


ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും, കൗമാരക്കാർക്കും സമഗ്ര ആരോഗ്യപരിരക്ഷ നൽകുന്നതാണ് പദ്ധതി. സാമൂഹ്യനീതിവകുപ്പ്, വനിത-ശിശു വികസന വകുപ്പുകളുടെ സകരണത്തോടെയാണ് 'മിഠായി' നടപ്പാക്കുന്നത്. ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും, കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയടക്കം ആറു ഘട്ടങ്ങൾ ഉൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് മിഠായി. സർക്കാർ സൗജന്യമായി കുട്ടികൾക്കായി നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമാണ്.


സംസ്ഥാനത്ത് കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പ്രത്യേകം സജ്ജമാക്കിയ സെന്ററുകൾ വഴിയാണ് മിഠായി പദ്ധതിയുടെ സേവനം നൽകുന്നത്. ഇതു കൂടാതെ സേവനം ലഭ്യമല്ലാത്ത 9 ജില്ലകളിൽ സാറ്റലൈറ്റ് സെന്ററുകൾ വഴി മിഠായി പദ്ധതി നടപ്പാക്കി വരികയാണ്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററുകളുടെ പ്രവർത്തനം. ഇതോടെ എല്ലാ ജില്ലയിലും 'മിഠായി'യുടെ സേവനം ലഭ്യമാകുന്നുണ്ട്. ആരംഭിച്ച് നാലു വർഷം ആകുമ്പോഴേക്കും മിഠായി പദ്ധതി ഒട്ടേറെ സാധാരണക്കാർക്ക് ആശ്വാസമേകുന്നുണ്ട്. നിരന്തര ബോധവത്ക്കരണ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായി വരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത്.


കുഞ്ഞുങ്ങളിലെ രോഗങ്ങൾ നേരത്തേ കണ്ടെത്തി, ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിലേക്ക്, ആരോഗ്യമുള്ള യുവതയെ വാർത്തെടുക്കുന്നതിനുള്ള വലിയൊരു കാൽവെയ്പ്പു കൂടിയാണ് 'മിഠായി'.