സമഗ്ര മുന്നേറ്റവുമായി ആരോഗ്യമേഖല

post


3.65 കോടി രൂപയുടെ റീജിയണല്‍ വാക്സിന്‍ സ്റ്റോര്‍
എറണാകുളത്ത് 46 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിഎറണാകുളം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലെ ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റമാണു സാധ്യമായത്.  ഇടപ്പള്ളിയില്‍ റീജിയണല്‍ വാക്സിന്‍ സ്റ്റോര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. എറണാകുളം ജില്ലയ്ക്ക് പുറമെ തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്കുള്ള വാക്സിനുകളും ഇവിടെ സൂക്ഷിക്കാം.  വാക്സിന്‍ സ്റ്റോറിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും വിപുലീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രളാക്കി ഉര്‍ത്തുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  ജില്ലയിലെ രണ്ടു നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. മങ്ങാട്ടുമുക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 11.53 ലക്ഷം രൂപ ചെലവഴിച്ചു സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാണു നഗര കുടുംബാരോഗ്യ കേന്ദ്രമാക്കിയത്. കടവന്ത്ര നഗരകുടുംബാരോഗ്യ കേന്ദ്രത്തിനു ചെലവഴിച്ചത് 11.43 ലക്ഷം രൂപയാണ്. ഇതിനുപുറമെ ഗ്രാമീണ മേഖലയില്‍ നാലു പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഈ ഒരു വര്‍ഷത്തിനിടയില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ആവോലി, കുമാരപുരം, വാളകം, കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണു കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.

ആവോലി, വാളകം, കുന്നുകര ആശുപത്രികളെ 15.50 ലക്ഷം രൂപ വീതം ചെലവഴിച്ചു സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയുമാണു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. കുമാരപുരത്ത് 14 ലക്ഷം രൂപയാണു ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകളും പ്രയോജനപ്പെടുത്തി.

ശനിയാഴ്ച പോത്താനിക്കാട്, എടത്തല, മഞ്ഞള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.  പോത്താനിക്കാട്, എടത്തല ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 14 ലക്ഷം വീതവും മഞ്ഞള്ളൂര്‍ ആരോഗ്യകേന്ദ്രത്തിന് 15.50 ലക്ഷം രൂപയുമാണു ചെലവഴിച്ചത്.  ജില്ലയിലെ 77 ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിനാണ് ആര്‍ദ്രം ദൗത്യത്തിലൂടെ ലക്ഷ്യമിട്ടത്. ഇതില്‍ 46 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.
 
സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 3 കേന്ദ്രങ്ങളെ നേരത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി. ഉളിയന്നൂര്‍ (കടുങ്ങല്ലൂര്‍), തൈക്കാവ് (ചേരാനെല്ലൂര്‍), പിണര്‍മുണ്ട (കുന്നത്തുനാട്) എന്നീ സെന്ററുകളെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കിയത്. ഇവയ്ക്കായി ഏഴ് ലക്ഷം രൂപ വീതമാണ്  ചെലവഴിച്ചത്. ഇവയുടെ ഉദ്ഘാടനം നടത്തി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

കൂടാതെ തോട്ടുമുഖം (കീഴ്മാട്), ചൊവ്വര (ചൊവ്വര), മഞ്ഞപ്പെട്ടി (വാഴക്കുളം), മലയാറ്റൂര്‍ (മലയാറ്റൂര്‍), മോനിപ്പള്ളി (തിരുവാണിയൂര്‍), ചേലാമറ്റം (ഒക്കല്‍) എന്നിവയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇവയ്ക്കും 7 ലക്ഷം രൂപ വീതം ചെലവഴിച്ചു. സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 54 കേന്ദ്രങ്ങളെയാണു തെരഞ്ഞെടുത്തത്. ഇതില്‍ 9 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി.  ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ നടന്നുവരികയാണ്.  രണ്ടാം ഘട്ടത്തില്‍ 72 കേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

ആലുവ ജില്ലാ ആശുപത്രിയില്‍ ലക്ഷ്യ പ്രൊജക്ടിന്റെ ഭാഗമായുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. 197 ലക്ഷം രൂപയാണ് ഈ നിര്‍മാണപ്രവൃത്തിക്കായി വകയിരുത്തിയിട്ടുള്ളത്.