ഈന്തപ്പഴക്കുരുവിലുണ്ട് കാപ്പിയുടെ ഉന്മേഷം

post

തൃശൂർ: കാപ്പി ജീവിതത്തിന്റെ ഭാഗമായവർക്ക് അതില്ലാത്ത ഒരു ദിനം സങ്കൽപ്പിക്കാനാകില്ല. എന്നാൽ കഫീൻ ആക്രിലാമിട് തുടങ്ങിയ രാസവസ്തുക്കളെ ഭയന്ന് ഈ  ഇഷ്ടപാനീയത്തെ ഉപേക്ഷിക്കേണ്ടി വന്നവർക്ക്  ഒരു സന്തോഷവാർത്ത നൽകുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. കഫീനും മറ്റ് രാസവസ്തുക്കളും  ഇല്ലാതെ കാപ്പിയുടെ രുചിയും മണവും ഉന്മേഷവും പകരാൻ ഇനി ഈന്തപ്പഴക്കുരുവുണ്ട്. 

വ്യവസായ വകുപ്പിന്റെ ബാനറിൽ ഒരുക്കിയ മീസാൻ ഡേറ്റസ് എന്ന കമ്പനിയുടെ സ്റ്റാളിലാണ് പൊടിച്ച ഈന്തപ്പഴക്കുരു വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സംസ്കരിച്ച ഈന്തപ്പഴക്കുരു പൊടിക്ക് കാപ്പികുരുവിന്റെ രുചിയും മണവുമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതടക്കം ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ ഈന്തപ്പഴക്കുരുവിനുണ്ട്. 

ഈന്തപ്പഴക്കുരുപൊടിക്ക് പുറമെ ഡേറ്റ്സ് ഷുഗർ പൗഡർ, ഈത്തപ്പഴം കൊണ്ടുള്ള സിറപ്പ്, ചോക്ളേറ്റ്, ലഡു, അച്ചാർ, തുടങ്ങിയ ഉൽപ്പന്നങ്ങൾ സ്റ്റാളിൽ വിൽപ്പനയ്ക്കുണ്ട്. ഗുണമേന്മയുള്ള സൗദി, ഇറാൻ ഈന്തപ്പഴങ്ങളിൽ നിന്നാണ്  ഈ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മജ്ധൂൾ, സഖായി, മഷ്റൂക്ക്, മബ്‌റൂം തുടങ്ങി മുന്തിയ നിരവധി  ഈത്തപ്പഴ ഇനങ്ങളും ഇവിടെയുണ്ട്. വ്യവസായ വകുപ്പിന്റെ പിന്തുണയോടെ എം എസ് എം ഇ സംരംഭമായി മതിലകം മിനി ഇന്റസ്ട്രിയൽ സെന്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മീസാൻ ഡേറ്റസ്.

മേള ഏതായാലും കുളിർമയുടെ സോപ്പുണ്ട് 

മേള ഏതായാലും തെക്കുംകര പഞ്ചായത്തിലെ സോപ്പാണ് താരം. എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുളിർമ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ പ്രകൃതിദത്തമായ സോപ്പുകൾക്കാണ് ആവശ്യക്കാർ ഏറുന്നത്. പപ്പായ, കറ്റാർവാഴ, മഞ്ഞൾ എന്നിവ കൊണ്ടുണ്ടാക്കിയ പാർശ്വഫലങ്ങളില്ലാത്ത സോപ്പുകളാണ് മേളയിലുള്ളത്. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, വരൾച്ച എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ് കുളിർമയുടെ സോപ്പുകൾ. 

2014 മുതലാണ് തെക്കുംകര പഞ്ചായത്തിലെ കുളിർമ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണവും വിപണനവും ആരംഭിക്കുന്നത്. പ്രകൃതിദത്തമായതിനാൽ എല്ലാ മേളകളിലും കുളിർമയുടെ സോപ്പുകൾക്ക് ആവശ്യക്കാരുണ്ട്. 

പഞ്ചായത്തിൽ ഒരാഴ്ച നീണ്ട പരിശീലനത്തിലാണ് സോപ്പ് നിർമ്മാണം പഠിച്ചതെന്ന് സ്റ്റാളിന് നേതൃത്വം നൽകുന്ന ജിഷ, ജിൻസിയ എന്നിവർ പറയുന്നു. സോപ്പ് കൂടാതെ ഹാൻഡ് വാഷ്, കറ്റാർവാഴ, നാളികേര പാൽ എന്നിവ ചേർത്ത് നിർമ്മിച്ച പ്രകൃതിദത്തമായ ഷാംപൂ, പുൽത്തൈലം എന്നിവയും മേളയിലെ കാഴ്ചക്കാർക്കിടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.