പ്‌ളാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചത് 4967 കിലോമീറ്റർ റോഡ്

post


സംസ്‌കരിച്ച പ്‌ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് ഇതുവരെ പൂർത്തീകരിച്ചത് 4967.31 കിലോമീറ്റർ റോഡ്. കേരളത്തിലുടനീളമുള്ള ഹരിതകർമ്മസേന പ്രവർത്തകരുടെയും തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെയും സഹായത്തോടെ ക്ലീൻ കേരള  കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതി തുടങ്ങി ഇതുവരെയുള്ള  കാലയളവിൽ 2800 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി  ഉപയോഗിച്ചത്.

കഴിഞ്ഞ ഒരു വർഷം മാത്രം  734.765 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും റോഡ് നിർമാണത്തിനായി കമ്പനി കൈമാറിയത്.  

റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കും മറ്റ് അസംസ്‌കൃത വസ്തുക്കളുമാണ് റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 2016 മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ 10214 പദ്ധതികളാണ് ക്ലീൻ കേരള കമ്പനി കൈമാറിയ മാലിന്യം  ഉപയോഗിച്ച് പൂർത്തിയാക്കിയത്.


ഇതിൽ തൊണ്ണൂറു ശതമാനത്തിലധികം പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പൂർത്തീകരിച്ചത്. 2021 -2022 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ ഖരമാലിന്യം റോഡ് നിർമ്മാണത്തിനായി ഉപയോഗിച്ചത് മലപ്പുറം ജില്ലയാണ്. 140 മെട്രിക് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിയിൽ നിന്ന് മലപ്പുറം ജില്ല വാങ്ങിയത്. ഒന്നേമുക്കാൽ കൊടിയിലധികം രൂപയാണ് ഈ രീതിയിൽ ക്ലീൻ കേരള കമ്പനി കഴിഞ്ഞ കൊല്ലം നേടിയത്.