പട്ടികജാതി വികസനം: മലപ്പുറത്ത് നടപ്പിലാക്കിയത് 64.84 കോടി രൂപയുടെ പദ്ധതികള്‍

post


മലപ്പുറം: പട്ടികജാതി മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി 2021-22 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയത് 64.84 കോടി രൂപയുടെ പദ്ധതികള്‍. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നൂതന അനുഭവങ്ങളും ആശയങ്ങളും നല്‍കുന്നതിനും കലാ-സാഹിത്യ-പ്രകടനങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായുള്ള ഹ്രസ്വചിത്ര നിര്‍മ്മാണ പരിശീലനം, ലാപ്ടോപ്പിനുള്ള ധനസഹായം, വിദേശത്ത് തൊഴില്‍ നേടുന്നതിനുള്ള ധനസഹായം, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, നിയമ   സഹായം തുടങ്ങിയവയാണ് പട്ടികജാതി വികസന വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കിയത്.

പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം (അട്രോസിറ്റി ആക്ട്) ധനസഹായമായി 62 പേര്‍ക്ക് 1.07 കോടി രൂപയും ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി 173 പേര്‍ക്ക് 3.2 കോടി രൂപയും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ നിയമ ബോധവല്‍ക്കരണം നടത്തുന്നതിനായി പട്ടികജാതി വികസന വകുപ്പും കോഴിക്കോട് ഗവ. ലോ കോളജിലെ സൗജന്യ നിയമ സഹായ വേദിയായ ക്ലീനോയും സംയുക്തമായി കൊണ്ടോട്ടി ബ്ലോക്കിലെ നെടിയിരുപ്പ് എന്‍.എച്ച് കോളനിയില്‍ നിയമ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്