തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ ലഭ്യമാക്കും

post


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ വേഗത്തിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹാർട്ട് ലങ് മെഷീനുള്ള ടെണ്ടർ നടപടികൾ കെ.എം.എസ്.സി.എൽ മുഖേന പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ മെഷീന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ്. ബാക്കിയുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഹാർട്ട് ലങ് മെഷീൻ സ്ഥാപിക്കാൻ മന്ത്രി നിർദേശം നൽകി.

പകരം സംവിധാനമായി എസ്.എ.ടി. ആശുപത്രിയിലെ ഹാർട്ട് ലങ് മെഷീൻ ഉപയോഗിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നിലവിലുള്ള ഹാർട്ട് ലങ് മെഷീൻ 2012ൽ സ്ഥാപിച്ചതാണ്. നിരന്തര ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടുമാണ് മെഷീന്റെ പ്രവർത്തനം നിലച്ചത്. നിലവിലെ മെഷീൻ അടിയന്തരമായി കേടുപാടുകൾ തീർത്ത് പ്രവർത്തനസജ്ജമാക്കും. കമ്പനിക്ക് പണം നൽകാനില്ല. സ്പെയർപാർട്സ് കിട്ടുന്നതിലെ കാലതാമസമാണ് ഉണ്ടായത്. ഒന്നോ രണ്ടോ ദിവസത്തിനകം സ്പെയർപാർട്സ് ലഭ്യമാക്കി മെഷീൻ പ്രവർത്തനസജ്ജമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.