ജലസംരംക്ഷണത്തിന്റെ മാതൃകയായി അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി

post

അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ജലസംരക്ഷണത്തിന്റെ ഉത്തമമാതൃക; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5 ഹെക്ടര്‍ വിസ്തൃതിയിലാണ് അനോടിപ്പള്ളം പദ്ധതി സ്ഥിതി ചെയ്യുന്നത്. ഏകദേശം 5 കോടി ലിറ്റര്‍ സംഭരണശേഷിയുണ്ട്.  ജില്ലാ ഭരണകൂടവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിച്ചും നാശത്തിന്റെ വക്കിലെത്തിയ അനോടിപ്പള്ളം അഭിവൃദ്ധിപ്പെടുത്താനായാണ് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ സാമൂഹിക ഉത്തരവാദിത്ത നിധിയില്‍ നിന്ന് 2020-21 വര്‍ഷം 50 ലക്ഷം രൂപ പദ്ധതിക്ക് അനുവദിച്ചു. തുടര്‍ന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നടപ്പിലാക്കി. 2022 ഫെബ്രുവരിയില്‍ 44.5 ലക്ഷം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. പദ്ധതിയിലൂടെ പ്രദേശത്ത് ഭൂജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും വരള്‍ച്ച ലഘൂകരിക്കുന്നതിനും സാധിക്കും. പദ്ധതി പ്രദേശത്ത് മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ജൈവപാര്‍ക്കായി മാറ്റാനും ലക്ഷ്യമുണ്ട്.

അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ  വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി നാടിന് സമർപ്പിച്ചു. മഴവെള്ളത്തെ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിന് ഉദാഹരണമായി അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി മാറുമെന്നും പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.

മഴവെള്ളത്തെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ മുഖേന സംരക്ഷിച്ച് ഭൂജല പരിപോഷണം ത്വരിതപ്പെടുത്തി ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നുണ്ട്. കാസര്‍കോട് വികസന പാക്കേജ്, വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ഏകോപിപ്പിച്ച് റീചാര്‍ജ് പോണ്ടുകളുടെ നിര്‍മിതി, തടയണകളുടെ നിര്‍മാണം, പുഴ പുനരുജ്ജീവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജില്ലയിലെ പ്രകൃതിദത്തമായ പള്ളങ്ങള്‍ക്ക് ജലസംരക്ഷണരംഗത്ത് വലിയ പ്രാധാന്യമുണ്ട്.