മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം: പരിഹരിച്ചത് 3,87,658 പരാതികൾ

post

മികവോടെ മുന്നോട്ട്: 61


* 1076 ടോൾ ഫ്രീ നമ്പർ

പൊതുജനങ്ങൾക്ക് ഏത് തരത്തിലുള്ള പരാതികളും ബന്ധപ്പെട്ട ഉദ്യോസ്ഥരിലെത്തിക്കാൻ കഴിയുന്ന പോർട്ടലാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം(cmo portal). 2016 മുതൽ ഇതുവരെ 4,04,912 പരാതികളാണ് ലഭിച്ചത്. ആകെ ലഭിച്ച പരാതികളിൽ 3,87,658 പരാതികളിൽ പരിഹാര നപടികൾ പൂർത്തിയായി. ബാക്കിയുളള പരാതികൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെല്ലിൽ ലഭിച്ച പരാതികളിൽ 95 ശതമാനവും തീർപ്പാക്കാനായിട്ടുണ്ട്.


കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമാന്തരമായി പ്രവർത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐ.ടി. അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നൽകിയത്. നേരത്തെ പൊതുഭരണ (CMPGRC)വകുപ്പ്, പിആർഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കോൾ സെന്റർ, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയാണ് ഏകോപിപ്പിച്ചത്. സെല്ലിന് രൂപം നൽകിയതിലൂടെ ജീവനക്കാരുടെ പ്രവർത്തനങ്ങളെ ഏകീകരിക്കാനും പരാതികളിൽ കാര്യക്ഷമായി ഇടപെടാനും കഴിയുന്നുണ്ട്.


പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ട്. ഇത് ഉറപ്പ് വരുത്താൻ പരാതി ലഭിച്ചാലുടൻ ബാർ കോഡ് സ്റ്റിക്കർ പതിപ്പിച്ച് രജിസ്റ്റർ ചെയ്യും. അത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ആരുടെ കൈവശം ഇരിക്കുന്നുവെന്ന് വേഗത്തിൽ കണ്ടെത്താനാകും. പരാതികൾ തീർപ്പാക്കുന്നതിന്റെ നിലവാരം ഉറപ്പുവരുത്താനും സംവിധാനമുണ്ട്. മാർഗ്ഗനിർദ്ദേശാനുസരണമാണോ പരാതികൾ തീർപ്പാക്കുന്നത് എന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ റീ-ഓപ്പൺ ചെയ്ത് ശരിയായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സ്‌ട്രെയിറ്റ് ഫോർവേഡ് സംവിധാനവും ആരംഭിച്ചിരുന്നു.


ഏത് വിഷയവുമായി ബന്ധപ്പെട്ട പരാതികളും https://cmo.kerala.gov.in/ എന്ന പോർട്ടലിൽ ഉൾപ്പെടുത്താം. കൂടാതെ പരാതികൾ നൽകിയശേഷം നിലവിൽ ഏത് ഘട്ടത്തിലാണ് പരാതിയുളളതെന്ന് അറിയാനുളള ട്രാക്കിങ് സംവിധാനവും ഉണ്ട്. പരാതി സമർപ്പിക്കുന്നതു മുതൽ തീർപ്പാക്കുന്നതുവരെയുള്ള ഓരോ നീക്കവും എസ്എംഎസിലൂടെയും ഓൺലൈനായി പരാതിക്കാർക്ക് അറിയാനാകും. പരാതികളിൽ ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാരുടെയും, വകുപ്പ് മേധാവികളുടെയും, വകുപ്പ് സെക്രട്ടറിമാരുടെയും യോഗം നിശ്ചിത ഇടവേളകളിൽ ചേരാറുണ്ട്. പോർട്ടലിൽ വരുന്ന പരാതികളിൽ കാര്യക്ഷമമായി പരിഹാരം കാണുന്നതിന് 10,000ത്തിലധികം ഉദ്യോഗസ്ഥരാണ് പോർട്ടൽ കൈകാര്യം ചെയ്യുന്നുണ്ട്. പരാതിയുടെ തൽസ്ഥിതി അറിയാൻ ഫോണിൽ ബന്ധപ്പെടുന്നതിനായി 1076 ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10.15 മുതൽ 5.15 വരെ വരെ ടോൾ ഫ്രീ നമ്പിൽ വിളിക്കാം.


പരാതികൾ എവിടെയിരുന്നും ആർക്കും പോർട്ടലിൽ അറിയിക്കാം. പരാതികൾ കാര്യക്ഷമമായ രീതിയിൽ പരിഹരിക്കുന്നതിന് കൃത്യമായ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. തീർപ്പുകൽപ്പിച്ച പരാതികളിൽ തുടർ അന്വേഷണങ്ങൾ നടത്താനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ട്.

2020ൽ കമ്പ്യൂട്ടർ സെല്ലിനും, പൊതുജന പരാതി പരിഹാര സംവിധാനത്തിനും ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്ന ഓരോ വ്യക്തിക്കും ലഭിച്ച സേവനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന റാങ്കിംഗ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.