ഗ്രാമപഞ്ചായത്തുകളുടെ ജനകീയ ഇടപെടൽ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുന്നു

മമ്പാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു
മലപ്പുറം: ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗ്രാമപഞ്ചായത്തുകളുടെ ജനകീയ ഇടപെടലുകൾ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മമ്പാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോവിഡ് - പ്രളയ സമയത്ത് ഓരോ പ്രദേശങ്ങളും പട്ടിണിയില്ലാതെയാക്കി മാറ്റാൻതദ്ദേശസ്വയംഭരണസ്ഥാപനങ്ങളെടുത്ത പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢതയേറിയതാണെന്നും നല്ല രീതിയിൽ അവ മുന്നോട്ടു കൊണ്ടുപോയാൽ നാട് നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മമ്പാട് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച വയോജനങ്ങളുടെ പാർക്ക്, കുടുബശ്രീയുടെ ഹെൽപ്പ് ഡെസ്ക്ക്, നവീകരിച്ച പഞ്ചായത്ത് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എസ്.സി വിഭാഗം കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
ജൽ ജീവൻ പദ്ധതി- ഭൂമിയുടെ ആധാരം കൈമാറൽ എ.പി.അനിൽകുമാർ എം.എൽ.എ നിർവഹിച്ചു.