കാസര്‍കോട് ജില്ല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

post

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വിശദമായ സാമ്പത്തിക അവലോകന രേഖ തയ്യാറാക്കുന്നത്. കേന്ദ്ര സംസ്ഥാനങ്ങളുടെ മാതൃകയിലാണ് ജില്ലയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ജില്ലയുടെ വിവിധ മേഖലകളിലെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ തയ്യാറാക്കുകയും ആസൂത്രണപ്രക്രിയ കാര്യക്ഷമമാക്കുന്നതിനുളള നൂതന ആശയങ്ങള്‍ സാമ്പത്തിക വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കുകയുമാണ് ലക്ഷ്യം. ജില്ലയില്‍ സുസ്ഥിര വികസനത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി സാമ്പത്തിക അവലോകനത്തിന്റെ ഭാഗമായി തയ്യാറാക്കും. ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ്ധരില്‍ നിന്ന് ആവശ്യമുളള കാര്യങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ശേഖരിക്കും. ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുളള ദ്വിതീയ വിവര ശേഖരണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വ്വകലാശാലക്ക് ലഭ്യമാക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്,  സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് കോട്ടയം എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

കേന്ദ്ര സര്‍വ്വകലാശാല രൂപീകരിച്ചതിനുശേഷം ആദ്യമായി ജില്ലയിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുവെന്ന സവിശേഷതയും ഈ പദ്ധതിക്കുണ്ട്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരവും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ച നടന്നു. വീണ്ടും വിശദമായ ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമായി നടത്തും.