സാംസ്കാരിക മുഖം മിനുക്കാൻ വജ്രജൂബിലി കലാകാരൻമാരും

post


തൃശൂർ: വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലെ കലാകാരൻമാർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ആസൂത്രണ ഭവൻ ഹാളിൽ വാർഷിക യോഗം ചേർന്നു. ജില്ലയുടെ സാംസ്കാരിക മുഖമായി മാറുന്നതിനും, സർക്കാർ പരിപാടിയുടെ സാംസ്കാരിക കേന്ദ്രമായി വർത്തിക്കുന്നതിനും വജ്ര ജൂബിലി കലാകാരൻമാരുടെ സേവനം  കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത്  ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും എസ്.ആർ.ജി അംഗവുമായ അനൂപ് കിഷോർ അഭിപ്രായപ്പെട്ടു. നവകേരള കർമ്മ പദ്ധതിയിൽ ജില്ലയിൽ ഒരു സാംസ്കാരിക പൊതുലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ ഇടപെടലുകൾ ആസൂത്രണ സമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും അനൂപ് കിഷോർ പറഞ്ഞു. 

ജില്ലയുടെ സാംസ്കാരിക ഉന്നതിയുടെ നാഴികക്കല്ലുകളായി വർത്തിക്കേണ്ടതാണ് ഈ കലാകാരൻമാർ എന്നും അതിനാവശ്യമായ പിന്തുണ സംവിധാനം ജില്ലാ തലത്തിൽ ഉണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ പറഞ്ഞു. വജ്രജൂബിലി കലാകാരൻമാരുടെ തുടർപ്രവർത്തനങ്ങൾക്ക് കാര്യമായ പിന്തുണ സംവിധാനമായി ജില്ലാ ആസൂത്രണ സമിതി പ്രവർത്തിക്കുമെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത അറിയിച്ചു. 

ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അഭ്യസിപ്പിച്ചു വരുന്ന കലാകാരൻമാരുടെ ബ്ലോക്കടിസ്ഥാനത്തിലുള്ള അരങ്ങേറ്റങ്ങൾ വിപുലമായി നടത്തുന്നതിനും ജില്ലയിൽ മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക പരിപാടികളിൽ വജ്രജൂബിലിവജ്രജൂബിലി കലാകാരൻമാരുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും യോഗത്തിൽ സംസാരിച്ച ആസൂത്രണ സമിതി അംഗം വി.എസ്.പ്രിൻസ് പറഞ്ഞു. 
വജ്രജൂബിലി കലാകാരൻമാർക്ക് കൂടുതൽ അവസരവും അവരുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള  പിന്തുണയും ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ പേരിൽ വജ്രജൂബിലി കലാകാരൻമാരുടെ പരിപാടികളും പദ്ധതികളും ജനകീയമാക്കുന്നതിനുള്ള ഇടപെടലുകൾ അനിവാര്യമാണെന്നും അതിനാവശ്യമായ നിർദ്ദേശങ്ങൾ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്നും ജില്ലാ ആസൂത്രണ സമിതി സർക്കാർ
നോമിനി ഡോ.എം.എൻ.സുധാകരൻ കൂട്ടിച്ചേർത്തു. 

ഏപ്രിൽ 18 മുതൽ 24 വരെ നടക്കുന്ന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷ പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും വാർഷിക പരിപാടികളുടെ പ്രചാരണത്തിനും വജ്ര ജൂബിലി കലാകാരൻമാരുടെ സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ചടങ്ങിൽ സംബന്ധിച്ച ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി  അബ്ദുൾകരീം പറഞ്ഞു. 

തുടർന്ന് ഓരോ ബ്ലോക്ക് തല കോർഡിനേറ്റർമാരും തങ്ങളുടെ പരിധിയിൽ നടത്തുന്ന കലാ പ്രവർത്തനങ്ങളും പരിശീലന പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. പരിശീലന പരിപാടിക്ക് ആവശ്യമായ കലാ സാമഗ്രികൾ എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.