സംസ്ഥാനത്ത് ഏപ്രില്‍ എട്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ എട്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട്  മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഏപ്രില്‍ ആറോടുകൂടി തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള - കര്‍ണാടക - ലക്ഷദ്വീപ്  തീരങ്ങളില്‍  മത്സ്യബന്ധനത്തിന് തടസ്സമില്ല

ഏപ്രില്‍ ആറിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏപ്രില്‍ ഏഴിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55  കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും ഏപ്രില്‍ എട്ടിന് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ സമുദ്രഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ഭാഗങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60  കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.