തോടുകള്‍ പുനരുജ്ജീവിപ്പിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിക്ക് തുടക്കമായി

post

കയര്‍ ഭൂവസ്ത്രമണിഞ്ഞ് പിലിക്കോട് പഞ്ചായത്തിലെ തോടുകള്‍


കാസറഗോഡ്: പിലിക്കോട് ഗ്രാമപഞ്ചായത്തിലെ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായി തോടുകളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ തോടുകളുടെ ആഴവും വീതിയും ഇതോടനുബന്ധിച്ച് വര്‍ധിപ്പിക്കും. ഇരുവശങ്ങളിലും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിവിധ തോടുകളില്‍ അര്‍ധ തടയണകളും നിര്‍മിക്കും.4500 മീറ്ററോളം തോടുകള്‍ പലിക്കോട് പഞ്ചായത്തിലുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തോടു നവീകരണവും കയര്‍ ഭൂവസ്ത്രം വിരിക്കുന്നതും നടക്കുന്നത്.

പിലിക്കോട് പഞ്ചായത്തിലെ പട്ടന്‍മാര്‍ തോടു മുതല്‍ ആനിക്കാടി-പുത്തിലോട്ട്-വെള്ളച്ചാല്‍-കാലിക്കടവ് വരെയുള്ള 2500 മീറ്റര്‍ തോടും അതിലേക്ക് ഒഴുകിയെത്തുന്ന മണിയറതോടിലുമാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. തുടര്‍പ്രവര്‍ത്തനമെന്നോണം പഞ്ചായത്തിലെ മുഴുവന്‍ തോടുകളും കുളങ്ങളും നവീകരിക്കും.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അധ്യക്ഷയായി.