ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് തുടക്കമായി

post

കാസര്‍ഗോഡ് :നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, ത്രി ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍  നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 793 പേരില്‍ നിന്നും തിരഞ്ഞെടുത്ത 80 പേരാണ് ചെര്‍ക്കള മാര്‍തോമാ ഹൈസ്‌കൂളില്‍  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാക്യാമ്പിലേയും അംഗങ്ങളോട് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംസാരിച്ചു കൊണ്ട് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമൊരുക്കിയതായി അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയില്‍  ക്യാമ്പിലെ കുട്ടികള്‍ പരിചയപ്പെടുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിങ്ങും പരിശീലിപ്പിക്കും. ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന ക്യാമ്പ് പിന്നീട് നടക്കും