രജിസ്ട്രേഷൻ വകുപ്പിന് റിക്കോർഡ് വരുമാനം: 20-21 സാമ്പത്തിക വർഷത്തേക്കാൾ 1301.57 കോടി അധിക വരുമാനം

post


തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന് റിക്കോർഡ് വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് വകുപ്പ് നേടിയത്.
12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി. എറണാകുളം ജില്ലയ്ക്ക് ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനായില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായി. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്ട്രേഷൻ വകുപ്പ് സമാഹരിച്ച വരുമാനം. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്.


ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനാകത്ത തൃശ്ശൂർ ജില്ല റവന്യൂ വരുമാനത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 462.74 കോടിയാണ് തൃശ്ശൂർ ജില്ലയിൽ സമാഹരിച്ചത്. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടിയാണ്  വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും വരുമാനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുൻ വർഷത്തേക്കാൾ വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയർന്ന് 4431.88 കോടി രൂപയായി.


സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9,26,487 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങൾ കൂടുതലായി രജിസ്റ്റർ ചെയ്തു. ആധാര രജിസ്ട്രേഷനിൽ നിന്നും 4,431.88 കോടി രൂപ വരുമാനമായി ലഭിച്ചു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.  2020-21 ൽ 7,62,681 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിൽ നിന്നും 3130.32 കോടി രൂപയായിരുന്നു വരുമാനം.  ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്ട്രേഷനുകൾ. 1,00,717 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് സബ് രജിസ്ട്രാർ ഓഫീസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 25,148 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷനിൽ ഏറ്റവും പിന്നിലാണെങ്കിലും ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 125.83 ശതമാനം അധിക വരുമാനം വയനാട് നേടി.


കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് വരുമാന വർദ്ധനയ്ക്കിടയാക്കിയതെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നികുതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഐഎഎസിനെയും രജിസ്ട്രേഷൻ ഐജിയെയും ജില്ലാ രജിസ്ട്രാർമാരെയും വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു.