ജില്ലയിലെ അഞ്ചു റോഡുകൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

post

കോട്ടയം: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ജില്ലയിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച കാരിത്താസ്- അമ്മഞ്ചേരി, കരിക്കാട്ടൂർ -മുക്കട, മണർകാട്-കിടങ്ങൂർ, കോട്ടയം ലോവർ ബസാർ(ബേക്കർ ജംഗ്ഷൻ-ഇല്ലിക്കൽ), കാണക്കാരി-തോട്ടുവ റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്. പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

കാരിത്താസ്- അമ്മഞ്ചേരി റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച്  അമ്മഞ്ചേരി ജംഗ്ഷനിൽ  നടന്ന ചടങ്ങിൽ സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി  ഫലകം അനാച്ഛാദനം ചെയ്തു.  കാരിത്താസ്- അമ്മഞ്ചേരി റോഡിന്റെ നിർമാണം പൂർണമാകണമെങ്കിൽ മേൽപ്പാലത്തിന്റെ പണി കൂടി  പൂർത്തികരിക്കേണ്ടതുണ്ടെന്നും അതിന്റെ സാങ്കേതിക തടസങ്ങൾ നീക്കി ഉടൻ തന്നെ ജനങ്ങൾക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

എം.സി റോഡിൽ കാരിത്താസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആർപ്പൂക്കര അമ്മഞ്ചേരി ജംഗ്ഷൻ വരെയുള്ള 1.60 കിലോമീറ്റർ റോഡ് ഏഴു മീറ്റർ ക്യാരേജ് വേയോടെ 2.24 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ഉന്നത നിലവാരത്തിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ അരുക് ചാലുകളും കലുങ്കുകളും നിർമിക്കുകയും വെള്ളമൊഴുക്ക് സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോമസ്, കെ.ടി. ജെയിംസ്, പൊതുമരാമത്ത് വകുപ്പ് ഏറ്റുമാനൂർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ടി. രാജേഷ്,   ബിനു ബോസ് എന്നിവർ പങ്കെടുത്തു.

കരിക്കാട്ടൂർ-മുക്കട റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരിക്കാട്ടൂരിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫലകം അനാച്ഛാദനം ചെയ്തു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ കരിക്കാട്ടൂർ ജംഗ്ഷനിൽനിന്ന് പൊന്തൻപുഴയിലൂടെ മുക്കടയിൽ അവസാനിക്കുന്ന 2.4 കിലോമീറ്റർ റോഡാണ് അഞ്ചുമീറ്റർ വീതിയിൽ 1.94 കോടി രൂപ ചെലവിൽ നവീകരിച്ചത്. പുതിയ സംരക്ഷണ ഭിത്തികൾ, ഓട, കലുങ്കുകൾക്ക് നീളം കൂട്ടൽ, തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിംഗ്, റോഡ് സ്റ്റഡുകൾ, റിട്രോ റിഫ്‌ലക്റ്റീവ് സെൻസർ ബോർഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയോടെയാണ് റോഡ് നവീകരിച്ചത്.  മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡി. പ്രസ്സി, ഗ്രാപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കോട്ടയം നിയോജകമണ്ഡലത്തിലെ ബേക്കർ ജംഗ്ഷൻ-ഇല്ലിക്കൽ ലോവർ ബസാർ റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അറുത്തൂട്ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. കോട്ടയം ബേക്കർ ജംഗ്ഷൻ മുതൽ ഇല്ലിക്കൽ വരെയുള്ള 4.12 കിലോമീറ്റർ ലോവർ ബസാർ റോഡാണ് ആധുനിക രീതിയിൽ 6.08 കോടി രൂപ ചെലവിൽ നവീകരിച്ചത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സന്തോഷ് കുമാർ, നഗരസഭാംഗങ്ങളായ എസ്. ജയകൃഷ്ണൻ, ജാൻസി ജേക്കബ്, അഡ്വ. റ്റോം കോര, എം.പി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു എം. പ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. കെ. അനിൽകുമാർ, കെ എം. കുഞ്ഞച്ചൻ, കുഞ്ഞുമോൻ കെ. മേത്തർ എന്നിവർ പങ്കെടുത്തു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മണർകാട് - കിടങ്ങൂർ റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അയർക്കുന്നം ബസ് സ്റ്റാഡിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് ഫലകം അനാച്ഛാദം ചെയ്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ വൈശാഖ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  സുജാത ബിജു, ജെയിംസ് പുതുമന, ലിസമ്മ ബേബി, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ മോനപ്പൻ, ബിനു പാതയിൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കടുത്തുരുത്തി നിയോജകണ്ഡലത്തിലെ കാണക്കാരി-തോട്ടുവ റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തോട്ടുവയിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെമ്പള്ളിയിൽനിന്ന് ആരംഭിച്ച് കുറുപ്പന്തറ-കുറവിലങ്ങാട് റോഡിൽ അവസാനിക്കുന്ന കാണക്കാരി-തോട്ടുവ റോഡിന്റെ 7.20 കിലോമീറ്റർ 4.31 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൺസ ജോസഫ്, അസിസ്റ്റന്റ് എൻജിനീയർ എ.ബി. സജീവ് കുമാർ, അസിസ്റ്റന്റ് എക്്സിക്യൂട്ടീവ് എൻജിനീയർ രഞ്ജു സോമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി തോണ്ടാംകുഴി, ടെസി സജീവ്, എം.എം. ജോസഫ്, കാണക്കാരി അരവിന്ദാക്ഷൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. ടി. ജോസഫ്, തോമസ് കണ്ണന്തറ, മേഴ്സി റെജി, ജോർജ് ചെന്നേലി, സിബി കണ്ണംകുളം, സനോജ് ചിറ്റത്താനി  എന്നിവർ പങ്കെടുത്തു.