കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി

post

കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന് തുടക്കമായി

കാസര്‍കോട്കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി രൂപ അനുവദിച്ചതായി  ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ഇരുപത്തിരണ്ടാമത് കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്നേഹത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും സംഗമ വേദിയായി കലോത്സവങ്ങൾ മാറണം എന്ന് മന്ത്രി പറഞ്ഞു. നാടിൻ്റെ വൈവിധ്യങ്ങളാണ് നമ്മുടെ സമ്പത്തെന്നും അതാണ് നമ്മുടെ കരുത്തെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കലാലയ കാലത്തെ നിറമുള്ള ഓർമ്മകളും അവിടങ്ങളിൽ നിന്ന് കൂട്ടായ കരുത്തുറ്റ സൗഹൃദങ്ങളും മന്ത്രി അയവിറക്കി. കലാമേളകൾ കൂടിച്ചേരലിൻ്റെ ചിത്രങ്ങളാകണമെന്നും ആത്മവിശ്വാസമുള്ള തലമുറകൾ കലാലയങ്ങളിലൂടെ സമൂഹത്തിലിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ഏത് കാലത്തും കലയുടെ സർഗ്ഗശേഷി മനുഷ്യൻ്റെ അതിജീവനത്തിലേക്ക് നയിച്ച സംസ്ക്കാരമാണ് കേരളത്തിൻ്റേതെന്നും മന്ത്രി പറഞ്ഞു. കാസർകോടിൻ്റെ സംഭാവനകളായ പി.കുഞ്ഞിരാമൻ നായർ , ടി. ഉബൈദ്, വിദ്വാൻ പി. കേളുനായർ തുടങ്ങിയ പ്രതിഭകളെ മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ സംസ്ക്കാരങ്ങളുടെ മിശ്രിതമായ ഇന്ത്യയുടെ ചെറുപതിപ്പാണ് കാസർകോടെന്നും സമഭാവനയുടെ സദ് കലാശാലകൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

ഉദ്ഘാടന വേദിയിൽ കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു മന്ത്രിക്ക് ഉപഹാരം നൽകി. കണ്ണൂർ, കാസർകോട്, വായനാട് ജില്ലകളിൽ നിന്നുള്ള 140 കോളേജുകളിൽ നിന്നും 120 മത്സരങ്ങളിലായി 5000 കുട്ടികളാണ് കലാ മാമാങ്കത്തിൻ്റെ ഭാഗമാകുന്നത്. സപ്തഭാഷ സംഗമ ഭൂമിയായ കാസറഗോഡ് ഗവ കോളേജ് ആദ്യമായിട്ടാണ് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.