ജില്ലാ പഞ്ചായത്തിന് ഇനി ഓഫ് ഗ്രിഡ് സൗരോര്‍ജ്ജ നിലയം

post

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 കിലോവാട്ട് ഓഫ് ഗ്രിഡ് സൗരോര്‍ജ്ജ നിലയം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മേല്‍ക്കൂരയില്‍ സജ്ജമായി . വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡാണ് സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചിട്ടുള്ളത്. ഉയര്‍ന്ന കാര്യക്ഷമതയുള്ള 335 കിലോ വാട്ട്സ് ശേഷിയുള്ള 30 സോളാര്‍ പാനലുകളും, 10 കിലോവാട്ട് ശേഷിയുള്ള സോളാര്‍ ഇന്‍വെര്‍ട്ടറുമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത് . പ്രസ്തുത നിലയത്തില്‍ നിന്നും പ്രതിമാസം 1200 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിലവില്‍ ജില്ലാ പഞ്ചായത്തിന് 15 kwp സൌരോര്‍ജ്ജ നിലയം 6 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.  പ്രതിമാസം 1800 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി.യിലേക്ക് നല്‍കുന്നുണ്ട്. ഇതിലൂടെ ജില്ലാ പഞ്ചായത്ത് ഓഫീസിലെ വൈദ്യുതി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബി.യില്‍ നിന്നും നല്ല ഒരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. നിലവിലെ ഓഫ് ഗ്രിഡ് സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസ് വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കെ.എസ്.ഇ.ബി.യെ ഊര്‍ജ്ജ ഉല്‍പാദനത്തില്‍ സഹായിക്കുന്ന നിലയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ 54 സ്‌കൂളുകളും, 3 ജില്ലാ ആശുപത്രികളും, ഇതേ രീതിയില്‍ വൈദ്യുതി ഉല്‍പാദനം നടത്തി വരുന്നു. സമീപ ഭാവിയില്‍ തന്നെ എല്ലാ ഘടക സ്ഥാപനങ്ങളെയും പട്ടിക വര്‍ഗ്ഗ കോളിനികളിലെ സാമൂഹിക പഠന കേന്ദ്രങ്ങളിലും സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ സൌരോര്‍ജ്ജ നിലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍ സരിത., സെക്രട്ടറി,  കെ. പ്രദീപന്‍, ഇന്‍കല്‍ ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍ വി. ദീപു എന്നിവര്‍ സംബന്ധിച്ചു