തൊഴിലാളിശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

post




തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൊഴിലാളി സമൂഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയിട്ടുളളത്. ഇതിലൂടെ പുരോഗമനപരമായ ഒരു തൊഴിൽ സംസ്കാരം സമൂഹത്തിൽ രൂപപ്പെടുന്നതിനൊപ്പം മികവ് അംഗീകരിക്കപ്പെടുമെന്ന സന്ദേശം കൂടി പ്രചരിപ്പിക്കുവാൻ സംസ്ഥാന തൊഴിൽ വകുപ്പിന് ഉദ്ദേശിക്കുന്നു.


ഈ വർഷം സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി സെയിൽമാൻ/വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ/ മിൽ തൊഴിലാളി, കരകൗശല വൈദഗ്ദ്ധ്യ-പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ് /പ്രോസസ്സിംഗ് മേഖല തൊഴിലാളി, മത്സ്യബന്ധന വില്പന തൊഴിലാളി എന്നീ 17 തൊഴിൽ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങൾ പ്രകാരമുളള പരിശോധനകളും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് മികവ് നിശ്ചയിച്ചിട്ടുളളത്.


തൊഴിൽപരമായ നൈപുണ്യവും അറിവും അച്ചടക്കവും, സഹപ്രവർത്തകരോടും ഉപഭോക്താക്കളോടുളള പെരുമാറ്റം, ക്ഷേമപദ്ധതികളോടുളള സമീപനം, കലാ-കായിക മേഖലയിലെ മികവ്, സാമൂഹിക പ്രവർത്തനത്തിലുളള പങ്കാളിത്തം, ശുചിത്വബോധം, തൊഴിലിൽ

നൂതനമായ ആശയങ്ങൾ കൊണ്ടുവരാനുളള താല്പര്യം,നിത്യ ജോലികൾക്ക് ഉപരിയായുളള കർത്തവ്യങ്ങൾ ഏറ്റെടുക്കാനുളള അവബോധം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ച തൊഴിലാളികളുടെ മികവ് വിലയിരുത്തിയത്.


തൊഴിലാളികൾ ഓൺലൈനായി ചോദ്യാവലി ഉൾപ്പെടുന്ന അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുന്നതായിരുന്നു ആദ്യ ഘട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുളള കട്ട് ഓഫ് മാർക്ക് യോഗ്യത നേടിയവരെ മൂന്ന് ഘട്ടങ്ങളായുള്ള അഭിമുഖവും പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തിയിട്ടുളളത്. അസിസ്റ്റന്റ് ലേബർ ഓഫീസർമാരിൽ തുടങ്ങി ജില്ലാ ലേബർ ഓഫീസർമാർ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, സംസ്ഥാനതല സമിതി എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ പരിശോധനയും അഭിമുഖവും നിർവ്വഹിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് അറിയിപ്പ് നൽകുന്നതിനായി മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും, സംസ്ഥാന വ്യാപകമായ പരസ്യ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.


ഈ വർഷം മികച്ച പ്രതികരണമാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് തൊഴിലാളികളിൽ നിന്ന് ലഭിച്ചത്. ആകെ ലഭിച്ച 5,313 അപേക്ഷകരിൽ നിന്നും 17 വ്യത്യസ്ത മേഖലകളിൽ നിന്നാണ് 17 മികച്ച തൊഴിലാളികളെ തിരഞ്ഞെടുത്തിട്ടുളളത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്കാരമായി നൽകുന്നു.


തൊഴിലാളികൾക്ക് മികവ് അടിസ്ഥാനമാക്കി പുരസ്കാരം നൽകുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണ് തൊഴിലാളിശ്രേഷ്ഠ പുരസ്കാരം. പുരസ്‌കാരങ്ങൾ ഈ മാസം 25 ന് എറണാകുളം ടൗൺ ഹാളിൽ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും.