കായലും നദികളും ബന്ധിപ്പിച്ച് തെക്ക്- വടക്ക് ജലപാത

post

മികവോടെ മുന്നോട്ട്- 41


590 കിലോമീറ്റർ നീളം, 40 മീറ്റർ വീതി 2.2 മീറ്റർ ആഴം


ജലസ്രോതസുകളാൽ സമ്പന്നമാണ് കേരളം. 44 നദികളും കായലുകളും കനാലുകളും തടാകങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയെ കൂടുതൽ മനോഹരമാക്കുന്നു. കേരളത്തിന്റെ എല്ലാ ജലപാതകളെയും ദേശീയ നിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് തെക്ക്-വടക്ക് ജലപാത. തെക്കേയറ്റമായ കോവളം മുതൽ വടക്കേയറ്റമായ കാസറഗോഡ് ഹോസ്ദുർഗ് വരെ നീണ്ട് കിടക്കുന്ന 590 കിലോമീറ്ററിൽ നദികളെയും കായലുകളെയും ബന്ധിപ്പിച്ചും അല്ലാത്തയിടങ്ങളിൽ കനാലുകളിലൂടെ ഗതാഗതം സാധ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞത് 40 മീറ്റർ വീതിയും 2.2 മീറ്റർ ആഴവുമുളള തെക്ക്-വടക്ക് ജലപാത 2025ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലപാതയാകുമിത്.


കൊല്ലം-കോട്ടപ്പുറം(168 കിമീ), കൊച്ചി-പാതാളം ഉദ്യോമണ്ഡൽ കനാൽ (23 കിമി), കൊച്ചി-അമ്പലമുകൾ ചമ്പക്കര കനാൽ (14 കിമി) എന്നിവ നിലവിൽ യാത്രായോഗ്യമാണ്. വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായുളള പാർവതി പുത്തനാർ, ട്രിവാൻഡ്രം-ഷൊർണൂർ (ടി-എസ്) കനാൽ എന്നിവ ഒരു നൂറ്റാണ്ട് മുൻപേയുള്ളതാണ്. കോവളം മുതൽ ഭാരതപ്പുഴ വരെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിച്ചാണ് ടി.എസ് കനാൽ നിർമിച്ചത്. പൊന്നാനി, കടലുണ്ടി, കുറ്റ്യാടി നദികളെ കൂട്ടിയോജിപ്പിച്ചാണ് കനോലി കനാൽ രൂപം കൊണ്ടത്. ഈ കനാൽ നേരത്തെ ഉപയോഗിച്ചിരുന്നു. നിലവിൽ ഉപയോഗക്ഷമമല്ലാത്ത ജലപാതകൾ വികസിപ്പിച്ച് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് ഇടമുറിയാത്ത പുതിയ ജലപാത നിർമ്മിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


നിലവിലുളള കനാലുകളുടെ ഉപയോഗശൂന്യമായ പ്രദേശങ്ങൾ മാലിന്യമുക്തമാക്കാനും ചിലയിടങ്ങളിൽ പുനർനിർമാണം നടത്താനുമുളള പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വടകര-മാഹി (17.8 കി.മി), മാഹി-എരഞ്ഞോളി (10 കി.മി), എരഞ്ഞോളി-അഞ്ചരക്കണ്ടി (0.7 കി.മി), അഞ്ചരക്കണ്ടി-വളപട്ടണം (15കി.മി) എന്നീ കൃത്രിമ കനാലുകളുടെ നിർമ്മാണം പൂർത്തിയായിവരികയാണ്. പദ്ധതിയുടെ ഭാഗമായി മാഹി-അഞ്ചക്കണ്ടി ഭാഗത്ത് 10 കി.മി ദൂരത്തിൽ രണ്ട് പുതിയ കനാലുകൾ നിർമ്മിക്കും. ആലപ്പുഴ പട്ടണത്തിൽ പദ്ധതിയുടെ ഭാഗമായി കനാലുകൾ വൃത്തിയാക്കിക്കഴിഞ്ഞു.


ദേശീയ ജലപാത-3ൽ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങൾ സംസ്ഥാന ജലപാതയായി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ. ഇതിൽ കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതിയുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം ഫ്‌ളാറ്റുകൾ സർക്കാർ നിർമിച്ചു നൽകുകയോ, വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് താല്പര്യമുള്ളവർക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.

കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. മാഹി വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും കനാൽ പുതുതായി നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.


നിലവിലുളള കനാലുകളുടെ വീതികൂട്ടൽ, കയ്യേറ്റം ഒഴിപ്പിക്കൽ, പുനരധിവാസം എന്നീ പ്രവൃത്തികളാണ് ജലപാത വികസനത്തിന്റെ രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. ചരക്കുനീക്കത്തിന് വലിയ ബാർജുകൾ പോകുന്ന തരത്തിലാണ് ഈ കനാലുകൾ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട നിർമാണങ്ങൾ പൂർത്തിയാകുന്നതോടെ കോവളം മുതൽ ഹോസ്ദുർഗ് വരെ അറബിക്കടലിന് സമാന്തരമായി ദേശീയ നിലവാരത്തിൽ തെക്ക്-വടക്ക് ജലപാത നീണ്ട് നിവർന്ന് കിടക്കും. പദ്ധതി പൂർത്തിയായാൽ സംസ്ഥാനത്ത് യാത്ര, ചരക്കുനീക്കം, വിനോദസഞ്ചാരം, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയിൽ വലിയതോതിൽ പുരോഗതിയുണ്ടാക്കും.