സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് വിപ്ലവം

post

മികവോടെ മുന്നോട്ട്: 39


അഞ്ചുവർഷത്തിനുള്ളിൽ രണ്ടുലക്ഷം തൊഴിൽ സൃഷ്ടിക്കുക ലക്ഷ്യം


സംരംഭകത്വം വളർത്തുകയെന്നതും വിവരസാങ്കേതികതയിൽ അധിഷ്ഠിതമായ തൊഴിലവസരങ്ങളിൽ കുതിപ്പുസൃഷ്ടിക്കുകയെന്നതും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. കേരളത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM).

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിനുമാണ് 2006 ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപിതമായത്.

2016 ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്. ഇത് 2021 ൽ 3100ന് മുകളിലെത്തി. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് എല്ലാതരത്തിലും പിന്തുണ നൽകുന്ന ഇൻകുബേറ്റേഴ്‌സ്, 340 ഇന്നവേഷൻ ആൻറ് എൻറർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് സെൻററുകൾ എന്നിവ സ്ഥാപിച്ചു. 10 ലക്ഷത്തിൽ കൂടുതൽ ചതുരശ്ര അടി സ്ഥലം സ്റ്റാർട്ടപ്പുകൾക്കായി നിർമിച്ചു. 180 സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പിന്തുണ ലഭിച്ചു. കൂടാതെ 22 കോടി ഗ്രാൻറ് നൽകി 9.2 കോടി സീഡ് ഫണ്ട് വിതരണം ചെയ്തിട്ടുണ്ട്.

സർക്കാർ നൽകുന്ന സാമ്പത്തിക പിന്തുണയോടെ 750 കോടിയുെട ഫണ്ട് ഓഫ് ഫണ്ട് സ്റ്റാർട്ടപ്പുകൾ വഴി ഇതുവരെ 2600 കോടിയുടെ ഇക്വിറ്റി ഇൻവെസ്റ്റ്‌മെൻറ് വളർന്നുവന്നു.

2026 ഓടെ പുതുതായി 15,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 35000 പേർ സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്. അടുത്ത അഞ്ചുവർഷക്കാലയളവിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.

കഴിഞ്ഞ ആറുവർഷത്തിനിടെ കേരളത്തിൽെ സ്റ്റാർട്ടപ്പുകളിൽ 2300 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. 2020-21 ൽ മാത്രം 1900 കോടി രൂപയുടെ നിക്ഷേപമുണ്ടായി. നാലുലക്ഷം ചതുരശ്ര അടിയുള്ള കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷൻ സോൺ തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വിലയ സ്റ്റാർട്ടപ്പ് ഇടമാണ്.

സ്റ്റാർട്ടപ്പുകൾക്കായി അഞ്ചുലക്ഷം ചതുരശ്ര അടി ഇൻകുബേഷൻ സൗകര്യം കേരളത്തിലുണ്ട്. ഗൂഗ്ൾ, ഹാബിറ്റാറ്റ്, ജെട്രോ, നാസ്‌കോം, ഗ്‌ളോബൽ ആക്‌സിലറേറ്റർ നെറ്റ്‌വർക്ക് തുടങ്ങിയവ കേരളത്തിലെ സ്റ്റാർട്ടപ്പ് പരിതസ്ഥിതിക്ക് കരുത്തേകും.

പുത്തൻ ആശയങ്ങൾക്ക് പിന്തുണയും കൈത്താങ്ങും നൽകി തൊഴിൽമേഖലകളും അവസരങ്ങളും തുറക്കാൻ സ്്റ്റാർട്ടപ്പ് സംരംഭങ്ങളെ സജ്ജമാക്കാൻ സർക്കാർ ഒപ്പമുണ്ട്.